എസ് എസ് എല്‍ സി പരീക്ഷ പുനക്രമീകരിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നല്‍കി: കേരള മുസ്ലിം ജമാഅത്ത്

Posted on: May 7, 2020 7:12 pm | Last updated: May 8, 2020 at 8:41 am

തിരുവനന്തപുരം | സംസ്ഥാനത്തെ എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകള്‍ ഈ മാസം 21 മുതല്‍ 29 വരെ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയതായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം ബോര്‍ഡിംഗ് സ്‌കൂളുകളില്‍ പഠിക്കുന്നവരാണ്. ഇതില്‍ ലക്ഷദ്വീപ്, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ കേരളത്തിലെ വിവിധ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നുണ്ട്. അവര്‍ക്ക് കേരളത്തിലെത്തി പരീക്ഷ എഴുതാന്‍ ഈ സമയക്രമം ബുദ്ധിമുട്ടുണ്ടാക്കും.

ഏപ്രില്‍ 24നാണ് ഒരു മാസത്തെ റമസാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചത് എന്നതു കൊണ്ടുതന്നെ സ്വാഭാവികമായും മെയ് 23നോ 24നോ ആയിരിക്കും ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) വരുന്നത്. അതുകൊണ്ടു തന്നെ അകലെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ സമയത്ത് കേരളത്തിലെത്തി പരീക്ഷ എഴുതി പെരുന്നാളിന് തിരികെ വീട്ടിലെത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. ഈ മാസം തന്നെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുന്ന സാഹചര്യത്തില്‍ മെയ് 26 മുതല്‍ 30 വരെയുള്ള തീയതികളിലാക്കി പുന:ക്രമീകരിക്കാവുന്നതാണെന്ന് വ്യക്തമാക്കിയും ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയൊഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും വിഷയം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സെക്രട്ടറി സെയ്ഫുദ്ദീന്‍ ഹാജി വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.