കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ് ഗുജറാത്ത്; സര്‍ക്കാറിനെതിരെ പ്രതിപക്ഷം

Posted on: May 7, 2020 11:58 am | Last updated: May 7, 2020 at 7:14 pm

അഹമ്മദാബാദ് |  കൊവിഡ് വ്യാപകമായി പകരുകയും മരണ വ്യാപനത്തിന്റെ തോത് വലിയ തോതില്‍ ഉയരുകയും ചെയ്തതോടെ ഗുജറാത്തിലെ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധി. നിലവിലെ ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത വിവരിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. കൂടുതല്‍ വിദഗ്ദ ഡോക്ടര്‍മാരെ വിട്ടുതരണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുജറാത്തിലെ മെഡിക്കല്‍ ടീമിനെ നയിക്കാനും ഇവര്‍ക്ക് പ്രചോദനം നല്‍കാനും മൂന്ന് വിദഗ്ധ ഡോക്ടര്‍മാരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിജയ് രൂപാണിയുടെ നടപടിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണിതെന്നാണ് വിര്‍ശനം.

നിലവില്‍ ഗുജറാത്തില്‍ 6500നടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 368 പേരാണ് മരണപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണ് ഗുജറാത്തിലേതും പശ്ചിമ ബംഗാളിലേതും.
സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നടപടികള്‍ കൃത്യമായി നടപ്പിലാക്കാത്തതാണ് ഗുജറാത്തിനെ ഇത്ര വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് ദി അഹമ്മദാബാദ് മിററര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ പരാജയം മറച്ചുവെക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി പറഞ്ഞു. ഗുജറാത്തില്‍ ടെസ്റ്റിങ്ങ് റേറ്റ് കുറവാണ്. ആദ്യം തബ് ലീഗ് സമ്മേളനത്തിന് പോയവരെ ഗുജറാത്ത് കുറ്റപ്പെടുത്തി, ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ പഴിചാരി സര്‍ക്കാര്‍ തങ്ങളുടെ പരാജയം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.