കേരളം തയ്യാർ

Posted on: May 7, 2020 11:41 am | Last updated: May 7, 2020 at 11:41 am

സംസ്ഥാന സർക്കാരിൻ്റെയും കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആവശ്യവും അഭ്യർത്ഥനയും മാനിച്ച് കേന്ദ്ര സർക്കാർ നമ്മുടെ പ്രവാസി സഹോദരങ്ങളെ  നാട്ടിലെത്തിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. ഇന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനങ്ങളിൽ ഒന്ന് കരിപ്പൂരിലേക്കും മറ്റൊന്ന് കൊച്ചിയിലേക്കും യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ദിനങ്ങളാണ് വന്നെത്തിയിരിക്കുന്നത്. കോവിഡ് ഭീഷണിയിൽ ലോകം മുഴുവൻ ആശങ്കയുടെയും ഭീതിയുടെയും നിഴലിലാണ്. കേന്ദ്ര സർക്കാർ എത്രപേരെ നാട്ടിലെത്തിച്ചാലും അത്രയും പേരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ കേരളം നേരത്തെ തന്നെ  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിന്നു. അതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുകയെന്നും പ്രവാസികാര്യ വകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന ശ്രീ പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ദുബായിയിൽ നിന്നെത്തുന്ന ഫ്ലൈറ്റിൽ 82 പേരാണ് മലപ്പുറം ജില്ലക്കാർ. 70 പേർ കോഴിക്കോട് ജില്ലക്കാരും ശേഷിക്കുന്നവർ ഇതര ജില്ലക്കാരുമാണ്. ഗർഭിണികളേയും പത്തു വയസ്സിൽ താഴെയുളള കുട്ടികളേയും ഭിന്നശേഷിയ്ക്കാരെയും അറുപത് വയസ്സിന് മുകളിലുള്ളവരേയും   വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ അനുവദിക്കും.  ബാക്കിയുള്ളവരെ അതത് ജില്ലകളിലേക്ക് സർക്കാർ ബസ്സിൽ കൊണ്ടുപോയി അവിടങ്ങളിലെ ക്വോറണ്ടയ്ൻ സെൻ്റെറുകളിൽ സർക്കാർ മേൽനോട്ടത്തിൽ പാർപ്പിക്കും.

മലപ്പുറത്ത് ബാത്ത് അറ്റാച്ച്ഡ് സിങ്കിൾ റൂമുകളാണ് ഐസൊലേഷന് വേണ്ടി ഒരുക്കിയിട്ടുള്ളത്. നേരത്തെ സംസ്ഥാന ഹജ്ജ് ഹൗസ് പറഞ്ഞിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകൾ തന്നെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതിനാൽ അത് തൽക്കാലം വേണ്ടെന്ന് വെക്കുകയായിരുന്നു.

വൈദ്യ പരിശോധനക്ക് ശേഷം ദുബായിയിൽ നിന്ന് വരുന്നവരെ തൽക്കാലത്തേക്ക് സർക്കാരിന് വിട്ടുനൽകപ്പെട്ട  കാളികാവിലെ സഫ ഹോസ്പിറ്റലിലേക്കാണ് ഐസൊലേഷനിൽ കഴിയാൻ കൊണ്ടുപോവുക.  ശുചിമുറികളോടെയുള്ള ഒറ്റ മുറിയാകും ഓരോരുത്തർക്കും അവിടെ ഒരുക്കിയിരിക്കുന്നത്. നാളെത്തന്നെ അബുദാബിയിൽ നിന്ന് നെടുമ്പശ്ശേരിയിലെത്തുന്ന വിമാനത്തിലുള്ള മലപ്പുറം ജില്ലക്കാരായ പതിനാറ് യാത്രക്കാർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻ്റെർ നാഷണൽ ഹോസ്റ്റലാണ് നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. രോഗ ലക്ഷണങ്ങളുള്ളവരെ നേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോകും. കേരളത്തിലെ എല്ലാ ജില്ലകളിലും സമാന സൗകര്യങ്ങൾ തന്നെയാണ് സംവിധാനിച്ചിട്ടുള്ളത്. പ്രവാസികളെ സ്വീകരിക്കാൻ സുസജ്ജമാണെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ പറഞ്ഞത് വെറുംവാക്കല്ല, അക്ഷരാർത്ഥത്തിൽ തന്നെയായിരുന്നു. സുഹൃത്തുക്കളെ, ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം. താങ്ങും തണലുമായി സർക്കാരുണ്ട് നിങ്ങളുടെ കൂടെ.