Connect with us

Covid19

പ്രവാസികളെ നിരീക്ഷണം; സംസ്ഥാനത്ത് ഒരു ആശയക്കുഴപ്പവുമില്ല- ചീഫ് സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസള്‍ട്ട് ഉള്ളവരെ മാത്രമേ വിമാനത്തിലേക്ക് കയറാന്‍ അനുവദിക്കാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസഫ്. ഇങ്ങനെയാണെങ്കില്‍ കൊവിഡ് നെഗറ്റീവ് ഉള്ളവര്‍ മാത്രമേ എത്തു. അവരെ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷത്തില്‍ വെക്കാനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തില്‍വെക്കുന്നത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പവുമില്ലെന്നു അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുക. കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത് 14 ദിവസത്തെ നിരീക്ഷണമാണ്. കേന്ദ്രവുമായി സംസ്ഥാനം ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി ധാരണയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗമില്ലാത്തവര്‍ മാത്രമേ എത്തൂവെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ ഏഴ് ദിവസത്തെ ഇന്‍ക്യൂബേഷന്‍ പിരീഡില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ വെക്കും. അതിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ബാക്കിയുള്ള ഏഴ് ദിവസത്തെ ക്വാറന്റീന്‍ വീട്ടില്‍ ആയാല്‍ മതി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ഗര്‍ഭിണികളേയും ചെറിയ കുട്ടികളേയും വീട്ടിലേക്ക് വിടാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനമാണ് പ്രവാസികളുമായി വരുന്നത്. നെടുമ്പാശ്ശേരിയിലേക്കും കരിപ്പൂരിലേക്കും ഓരോ വിമാനമെത്തും. സൗദി അറേബ്യയിലെ റിയാദില്‍ നിന്നുളള വിമാനം ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്ര നാളത്തേക്ക് മാറ്റി.

 

Latest