Connect with us

Editorial

കുത്തനെ ഉയരുന്ന കൊവിഡ് കേസുകള്‍

Published

|

Last Updated

ഒരാഴ്ചയായി ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച് അരലക്ഷം കടന്നിരിക്കുകയാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം. 1,694 പേര്‍ മരണപ്പെടുകയും ചെയ്തു. തിങ്കളാഴ്ച 3,900 പോസിറ്റീവ് കേസുകളും 195 മരണവും ചൊവ്വാഴ്ച 2,958 കേസുകളും 126 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗ ബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് തിങ്കളാഴ്ചത്തേത്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 28.71 ശതമാനമാണ്. ഗുജറാത്തിലാണ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഏറ്റവും കുറവ്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് രാജ്യത്ത് രോഗം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ഒരാഴ്ച മുമ്പ് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഈ വാദം അടിസ്ഥാനരഹിതമാണെന്നാണ് കണക്കുകളില്‍ നിന്ന് പ്രകടമാകുന്നത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരില്‍ 18,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ഏഴ് ദിവസങ്ങളിലാണ്. ഏപ്രില്‍ 29ന് 1,813 പേര്‍, ഏപ്രില്‍ 30ന് 1,832 പേര്‍, മെയ് ഒന്നിന് 2,333 പേര്‍, രണ്ടിന് 2,564 പേര്‍, മൂന്നിന് 2,667 പേര്‍, നാലിന് 3,900 പേര്‍, അഞ്ചിന് 2,958 പേര്‍ എന്നിങ്ങനെയാണ് ഒരാഴ്ചക്കിടെ പുതുതായി രോഗം കണ്ടെത്തിയവരുടെ എണ്ണം. രാജ്യത്ത് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത് 74 ദിവസം പിന്നിട്ട ശേഷമാണ് രോഗികളുടെ എണ്ണം ആദ്യ പതിനായിരത്തില്‍ എത്തിയതെങ്കില്‍ അത് ഇരട്ടിച്ച് ഇരുപതിനായിരത്തിലെത്തിയത് അടുത്ത എട്ട് ദിവസം കൊണ്ടാണ്. 30,000 ആയി ഉയര്‍ന്നത് ഏഴ് ദിവസത്തിനകവും. തുടര്‍ന്നുള്ള അഞ്ച് ദിവസത്തിനുള്ളില്‍ എണ്ണം 40,000 കടന്നു. കഴിഞ്ഞ മൂന്നാഴ്ചക്കകമാണ് 38,000ത്തോളം പേര്‍ക്ക് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ധന തുടര്‍ന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ദുഃസ്ഥിതി വന്നുചേരുമോ എന്ന ഭീതിയിലാണ് അധികൃതര്‍. സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ രോഗികളുള്ളത്. യഥാക്രമം 15,525, 6,245, 6,104 എന്നിങ്ങനെയാണ് ചൊവ്വാഴ്ച രാത്രി വരെ ഈ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച മാത്രം 984 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തമിഴ്‌നാട്ടിലും രോഗം കുതിച്ചുയരുകയാണ്. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 32,000 പേര്‍ ഈ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

രോഗം നിയന്ത്രണ വിധേയമായിട്ടില്ലാത്ത ചില സംസ്ഥാനങ്ങളില്‍ മദ്യഷാപ്പുകള്‍ തുറന്നതുള്‍പ്പെടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആശങ്കയുണ്ട്. സാമൂഹിക സുരക്ഷിതത്വ നിര്‍ദേശങ്ങള്‍ പാലിക്കാതെ കൂട്ടമായാണ് മദ്യഷാപ്പുകളില്‍ മദ്യപന്മാര്‍ എത്തിക്കൊണ്ടിരിക്കുന്നത്. വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം, അഞ്ച് പേരില്‍ കൂടുതല്‍ വരിയായി നില്‍ക്കരുത് തുടങ്ങി കര്‍ശന നിബന്ധനകള്‍ വെച്ചിട്ടുണ്ടെങ്കിലും ചില മദ്യഷാപ്പുകള്‍ക്ക് മുമ്പില്‍ തിരക്കു കൂട്ടിയ ജനത്തെ പോലീസിന് തുരത്തിയോടിക്കേണ്ടി വന്നു. തിരക്ക് കാരണം ചില മദ്യഷാപ്പുകള്‍ പൂട്ടേണ്ടി വരികയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്‌സ്‌പോട്ടായ മുംബൈയില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇത് കടുത്ത വിമര്‍ശനത്തിനു വിധേയമാകുകയുണ്ടായി.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് കാര്യങ്ങള്‍ സൂക്ഷ്മമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷമായിരിക്കണമെന്നും അല്ലാത്തപക്ഷം രോഗവ്യാപനം മാരകമാകാന്‍ ഇടയാക്കിയേക്കുമെന്നും ലോകാരോഗ്യ സംഘടന ഉണര്‍ത്തിയിരുന്നു. രോഗബാധ തടയാന്‍ സാമൂഹികമായി അകലം പാലിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഡബ്ല്യു എച്ച് ഒ ഓര്‍മിപ്പിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണോ ഇളവ് വരുത്തണോ എന്ന ചര്‍ച്ചക്കിടെയായിരുന്നു ഈ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം രോഗം വ്യാപിക്കാന്‍ ഇടയായാല്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ ലംഘനമായി കണക്കാക്കുമെന്നും സംഘടനാ ഡയറക്ടര്‍ ടെേഡ്രാസ് അദാനം ഓര്‍മിപ്പിച്ചു. ഇന്ത്യ പത്ത് ആഴ്ചയെങ്കിലും ലോക്ക്ഡൗണ്‍ നിലനിര്‍ത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കണം. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തിരക്കു കൂട്ടരുതെന്ന് ലോകപ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണും അഭിപ്രായപ്പെട്ടിരുന്നു. കൊറോണയുടെ രണ്ടാം വരവ് ഉണ്ടായാല്‍ ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നത് രോഗം ഏറെക്കുറെ നിയന്ത്രിതമായ കേരളത്തിനു ഭീഷണിയാണ്. അവിടെ രോഗികളുടെ എണ്ണം 4,000 കടന്നു. സംസ്ഥാനത്തെ 17 ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ദിനംപ്രതി അഞ്ഞൂറിലേറെ പേരിലാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം രോഗമുക്തി നേടുന്നവര്‍ കുറവുമാണ്. അത് അധികൃതരെ ഉത്കണ്ഠാകുലരാക്കുന്നു. എണ്ണം ക്രമാതീതമായി ഉയരുന്നത് ആശുപത്രികളില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സാമൂഹിക വ്യാപനത്തിന്റെ എല്ലാ തെളിവുകളും അവിടെ പ്രകടമായിട്ടുണ്ട്. ചെന്നൈയിലെ കോയമ്പേട് പഴം മാര്‍ക്കറ്റില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഈ പഴംപച്ചക്കറി മാര്‍ക്കറ്റ് രണ്ട് ദിവസം മുമ്പ് അടച്ചുപൂട്ടി. കേരളത്തില്‍ തമിഴ്‌നാടിന്റെ അതിര്‍ത്തി പങ്കിടുന്ന വയനാട്, മലപ്പുറം ജില്ലകളില്‍ കടുത്ത ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്. തമിഴ്‌നാട്ടിലെ നാല് റെഡ് സോണ്‍ ജില്ലകള്‍ കേരള അതിര്‍ത്തിയിലാണ്. ഇതിനിടെ വയനാട്ടില്‍ ഒരു ഡ്രൈവര്‍ക്ക് രോഗ ബാധയുണ്ടായത് ചെന്നൈ യാത്രയെ തുടര്‍ന്നായിരുന്നു. അയാളില്‍ നിന്ന് മാതാവിനും ഭാര്യക്കും വാഹനത്തിന്റെ ക്ലീനര്‍ക്കും രോഗം പകരുകയും ചെയ്തു. അതുകൊണ്ട് ജാഗ്രത കൈവിടാതിരിക്കുക.