Connect with us

Covid19

പ്രവാസികളുടെ മടക്കം; മുന്‍ഗണനാ പട്ടിക സൂക്ഷ്മപരിശോധന നടത്തണം: ആര്‍ എസ് സി

Published

|

Last Updated

ജിദ്ദ | കൊവിഡ് 19 പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം സാധ്യമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുള്ള മുന്‍ഗണന പട്ടിക സൂക്ഷ്മപരിശോധനക്ക് വിധേയമാക്കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. അതാത് രാജ്യങ്ങളിലെ എംബസികള്‍, നോര്‍ക്ക, സന്നദ്ധ സംഘടനകള്‍ തുടങ്ങി പല സംവിധാനങ്ങളിലൂടെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടന്നു വന്നിരുന്നു. എന്നാല്‍ അര്‍ഹരിലേക്ക് ഈ സന്ദേശം എത്തുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തതതായി ഒരു ഉറപ്പുമില്ല.

ആരോഗ്യ പ്രശ്‌നമുള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, നിയമക്കുരുക്കില്‍ പെട്ടവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍ തുടങ്ങി അവശത അനുഭവിക്കുന്നവരുടെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ആവശ്യം ഉന്നയിക്കാന്‍ കഴിയാത്തവരാകും മിക്കവരും. എംബസിയും കോണ്‍സുലേറ്റും അതാത് പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത വളണ്ടിയേഴ്‌സിനെ ചുമതലപ്പെടുത്തി സൂക്ഷ്മപരിശോധനക്കു വിധേയമാക്കിയായിരിക്കണം തിരിച്ചു പോക്കിന്റെ മുന്‍ഗണനാപട്ടി അന്തിമമാക്കാന്‍. അല്ലെങ്കില്‍ അര്‍ഹര്‍ക്ക് നാടണയാന്‍ കഴിയില്ല.

മാര്‍ഗങ്ങള്‍ സുതാര്യമാക്കി ആശയക്കുഴപ്പമില്ലാത്ത ഏകജാലക രീതിയായിരിക്കണം സ്വീകരിക്കേണ്ടത്. ഒപ്പം പ്രവാസ ലോകത്ത് തൊഴില്‍ നഷ്ടപ്പെട്ടും ജീവിതം വഴിമുട്ടിയും സ്വന്തം നാടണയാന്‍ ശ്രമിക്കുന്നവര്‍ വിമാന ടിക്കറ്റും ക്വാറന്റൈനും ഉള്‍പ്പെടെ മുഴുവന്‍ ചെലവും വഹിക്കണമെന്ന നിര്‍ദേശം അപ്രായോഗികവും പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതുമാണ്.
ആവശ്യക്കാര്‍ കൂടുതലും അനുവദിക്കപ്പെട്ട വിമാന സര്‍വീസുകള്‍ അപര്യാപ്തവുമാകുമ്പോള്‍ കൃത്യമായ മാര്‍ഗരേഖയും വ്യവസ്ഥാപിത രൂപവും ഇല്ലെങ്കില്‍ ദുരുപയോഗത്തിന് സാധ്യതയേറെയാണ്.

ഇന്ത്യയെ ആകെ പരിഗണിക്കുമ്പോള്‍ പേരിന് പ്രാദേശിക സന്തുലനം നടത്തുന്നതിന് പകരം അര്‍ഹരുടെ എണ്ണവും ആവശ്യക്കാരുടെ തോതും അനുസരിച്ചാണ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തേണ്ടത്. വീതം വെയ്പുകള്‍ക്ക് പ്രസക്തിയില്ല. മേല്‍ വിഷയങ്ങളില്‍ പുനപ്പരിശോധനയുണ്ടാകണമെന്നും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest