Connect with us

Ramzan

വ്രതം നല്‍കുന്ന ആത്മ വിശുദ്ധി

Published

|

Last Updated

ഇതര നിര്‍ബന്ധ കര്‍മങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നോമ്പ്. നിസ്‌കാരമോ സകാത്തോ ഹജ്ജോ ആകട്ടെ, ആചരിക്കുന്നത് മറ്റുള്ളവരുടെ നേത്രവട്ടത്തില്‍ നിന്ന് ഒളിച്ചു പിടിക്കാനാകില്ല. എന്നാല്‍ വ്രതം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള നിഗൂഢമായ വ്യവഹാരമത്രെ. ശരിയായി വ്രതം അനുഷ്ഠിക്കുന്നവനെ ശ്രദ്ധിക്കുന്നവന്‍ നിയന്താവായ ഉടയവന്‍ മാത്രം. അതുകൊണ്ടു കൂടിയാണ് അവന്‍ അരുള്‍ ചെയ്തത്: നോമ്പ് എനിക്കുള്ളതാണ്. അതിന് ഫലം ചെയ്യുന്നതും ഞാന്‍ തന്നെ.
എന്നാല്‍, ഇന്ന് കാര്യങ്ങളുടെ സ്ഥിതി നേരെ മറിച്ചായിരിക്കുന്നു. വ്രതാനുഷ്ഠാനം പോലും പ്രകടനപരതയില്‍ വഴിമുട്ടി പോകുന്നു. മറ്റുള്ളവര്‍ക്കു മുമ്പില്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രം കിട്ടുന്നതാണോ നോമ്പ്? നോമ്പിന്റെ സമ്പൂര്‍ത്തിക്ക് ഒരുവന്‍ നിര്‍ബന്ധ ബുദ്ധിയാ അനുസരിച്ചിരിക്കേണ്ട അനേകം നിയമങ്ങളും നിര്‍ദേശങ്ങളും മതം മുന്നോട്ടുവെക്കുന്നു. അവയത്രയും വ്യക്തി ജീവിതത്തില്‍ അക്ഷരംപ്രതി ആവിഷ്‌കൃതമാകുന്നില്ലെങ്കില്‍ പ്രകടനപരതയുടെ മലവെള്ളപ്പാച്ചിലില്‍ നമ്മുടെ വ്രതവും കൂലംകുത്തിയൊലിച്ചുപോകും. കാമ്പ് കളഞ്ഞ് തൊലിയില്‍ സായൂജ്യമടഞ്ഞ വിഡ്ഢിയുടെ ജ്ഞാന ശൂന്യമായ നിര്‍വൃതിയായിരിക്കും നമുക്കും കിട്ടുക. ദോഷബാധക്കെതിരെ ആത്മ നിയന്ത്രണങ്ങള്‍ കൊണ്ട് ശക്തമായ പ്രതിരോധം ഉയര്‍ത്തിയാകണം വ്രതാനുസാരി ചലിക്കേണ്ടത്. സൂക്ഷ്മ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണല്ലോ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. പൊളിവാക്കുരയുകയും തെറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കപട ഭക്തിയാണ്. അതിനെതിരെ തിരുപ്രവാചകര്‍ ഏറെ രോഷപ്പെട്ടിട്ടുണ്ട്: ഒരുവന്‍ വ്യാജം മൊഴിയുന്നതും തദനുസാരം കപടം പ്രവര്‍ത്തിക്കുന്നതും വര്‍ജിക്കുന്നില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങളെ വെടിയണമെന്ന് അല്ലാഹുവിന് തീരെ താത്പര്യമില്ല.

മറ്റൊരിക്കല്‍ അവിടുന്ന് ഇപ്രകാരം അരുള്‍ ചെയ്യുകയുണ്ടായി: എത്രയെത്ര നോമ്പുകാര്‍. തങ്ങളുടെ വ്രതം കൊണ്ട് വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാന്‍ ആകാത്തവര്‍! എത്രയെത്ര രാത്രി നിസ്‌കാരക്കാര്‍. രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിക്കുന്നതിനായി ഏറെ ഉറക്കമിളച്ചെന്നല്ലാതെ മറ്റൊന്നും കിട്ടാത്തവര്‍!
ഉദ്ധൃത വചനങ്ങള്‍ തെര്യപ്പെടുത്തുന്നത് എന്താണ്? ഏറെ ഉറക്കം ഒഴിവാക്കുന്നതോ അന്നപാനീയങ്ങളെ ഉപേക്ഷിക്കുന്നതോ അല്ല ഇബാദത്ത് -പരമമായ വണക്കം. അത് ലോകരുടെ അഭയവും ശരണസ്ഥനുമായ അല്ലാഹുവിനു മുമ്പില്‍ പൂര്‍വാധികം എളിമയോടും വിധേയത്വത്തോടുമുള്ള സര്‍വാധി സമര്‍പ്പണമാണ്. വിദ്വേഷങ്ങളുടെ അപശ്രുതികളും ദുഷ്ചെയ്തികളുടെ അസ്വാരസ്യങ്ങളും മാത്രം നിറഞ്ഞ ജീവപരിസരത്തോട് സമരസപ്പെടാനല്ല, സമരം ചെയ്യാനാണ് നോമ്പ് നിങ്ങളെ ക്ഷണിക്കുന്നത്. അടങ്ങാത്ത ഇഛാശക്തിയുടെയും അണയാത്ത ആത്മ പ്രചോദനത്തിന്റെയും പിന്‍ബലമില്ലെങ്കില്‍ ശാരീരികമായ വ്രതാനുഷ്ഠാനം കൊണ്ട് ഫലമൊന്നുമില്ല. അത് ആന്തരികമായ ഉപവാസത്തിന്റെ യഥാരൂപത്തിലുള്ള ബാഹ്യാവിഷ്‌കരണമായിരിക്കണം. സത്യം പ്രകാശിപ്പിക്കുന്നതിനുള്ള, സത്യമല്ലാതെ മറ്റൊന്നും പ്രകാശിപ്പിക്കാതിരിക്കാനുള്ള അദമ്യമായ അഭിലാഷമാണ് വ്രതം സമ്മാനിക്കുന്നത.് അതിനാല്‍ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കും എതിരാളികളെ കുറിച്ച് പോലും സ്നേഹം വെച്ച് പുലര്‍ത്തുന്നവര്‍ക്കും മൃഗീയ വികാരങ്ങളില്‍ നിന്ന് മുക്തി നേടിയവര്‍ക്കും മാത്രമേ ഭൗതിക സമ്പത്തും അഭിലാഷങ്ങളും വര്‍ജിച്ച് വ്രതം നല്‍കുന്ന ആത്മ വിശുദ്ധിയുടെ അന്തര്‍ധാരയെ പുല്‍കാന്‍ സാധിക്കൂ.

നോമ്പ് നിര്‍ബന്ധമാക്കിയത് നിങ്ങള്‍ തഖ്്വയുള്ളവരാകാന്‍ വേണ്ടിയാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. തഖ്്വക്ക് നല്‍കിയ സൂക്ഷ്മഭക്തി എന്ന അര്‍ഥം അപൂര്‍ണമാണ്. ശരിയായ അര്‍ഥം അല്ലാഹുവിന്റെ കല്‍പ്പനകളെ പൂര്‍ണമായും നിര്‍ബന്ധബുദ്ധ്യാ അനുസരിക്കുകയും നിരോധനങ്ങളെല്ലാം കര്‍ശന ബുദ്ധ്യാ വെടിയുകയും ചെയ്യുക എന്നതാണ്. പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ആത്മാര്‍പ്പണത്തിന്റെയും നിത്യഭാസുരമായ സത്യത്തിന്റെ രാജവീഥിയാണത്. അച്ചടക്കവും അനുധ്യാനവും തുടുത്തു നില്‍ക്കേണ്ട കഠിനമായ ആത്മീയ സാധനയാണ് വ്രതത്തെ ശ്രേഷ്ഠമാക്കുന്നത്.

Latest