കൂടുതല്‍ അമേരിക്കക്കാര്‍ മരിച്ചേക്കാം; എങ്കിലും നിയന്ത്രണങ്ങള്‍ നീക്കും: ട്രംപ്

Posted on: May 6, 2020 9:25 am | Last updated: May 8, 2020 at 6:26 pm

വാഷിങ്ടന്‍  |കോവിഡിനെത്തുടര്‍ന്ന് യുഎസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ കൊവിഡില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം, മാസ്‌ക് ധരിക്കില്ലെന്ന തന്റെ നിലപാട് തുടരുമെന്നും ട്രംപ് വ്യക്തമാക്കി.അരിസോണയിലെ മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുമ്പോഴും സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നു കൊടുക്കുമ്പോഴും അത് കോവിഡ് മരണനിരക്കു കൂട്ടാനിടയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിനു സാധ്യതയുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. എന്നാല്‍ വിപണി തുറക്കാതെ നിര്‍വാഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ച് ആളുകളെ അത് മോശമായി ബാധിച്ചേക്കാം, പക്ഷേ നമുക്ക് രാജ്യം തുറന്നേ മതിയാവൂ- ട്രംപ് പറഞ്ഞു. യുഎസില്‍ കൊവിഡ് ബാധിച്ച് ഇന്നലെവരെ 71148 പേര്‍ മരിച്ചിട്ടുണ്ട്.