സംസ്ഥാനത്തിന്റെ മുന്‍ഗണനാ ലിസ്റ്റ് കേന്ദ്രം അനുവദിച്ചില്ല:ആദ്യഘട്ടത്തില്‍ കേരളത്തിലെത്തുക 2250 പ്രവാസികള്‍ മാത്രമെന്ന് മുഖ്യമന്ത്രി

Posted on: May 5, 2020 5:48 pm | Last updated: May 6, 2020 at 9:12 am

തിരുവനന്തപുരം | കേരളം കണക്കാക്കിയ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണനാ പട്ടികയില്‍ 1,68,136 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 2250 പേരാണ് കേരളത്തിലെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം കണക്കാക്കിയാല്‍ വളരെ കുറച്ചു മലയാളികളെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചന. കിട്ടിയ വിവരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്.

കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്നതാണ് നമ്മള്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സമാഹരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ എംബസികളും വിദേശ മന്ത്രാലയവും ലഭ്യമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു