Connect with us

Kerala

അതിഥി തൊഴിലാളികള്‍ക്കുള്ള പണം വാങ്ങാത്തതിന് പിന്നില്‍ അന്ധമായ കോണ്‍ഗ്രസ് വിരോധം: കെ സി വേണുഗോപാല്‍

Published

|

Last Updated

ആലപ്പുഴ | അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാന്‍ തയാറാണെന്നുള്ള കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ അത്ഭുതത്തോടെയാണ് കേട്ടതെന്ന് കെ സി വേണുഗോപാല്‍.

അതിഥിതൊഴിലാളികളുടെ യാത്രാചെലവ് അവര്‍ക്കു നേരിട്ടും അല്ലെങ്കില്‍ സര്‍ക്കാറിനും നല്‍കാന്‍ തയ്യാറാണെന്ന് കെ പി സി സി കേരള ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രി എന്തിനാണ് നീരസം പ്രകടിപ്പിക്കുന്നതെന്നും വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ പരിഹാസം കൊണ്ട് കോണ്‍ഗ്രസിന് യാതൊരു കോട്ടവും സംഭവിക്കില്ല. മറിച്ച് ഇത്തരം സമീപനം മുഖ്യമന്ത്രി പദവിയുടെ മഹത്വം ഇല്ലാതാക്കാനേ ഉപകരിക്കുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇതിന് പിന്നിലെന്നും വേണുഗോപാല്‍ ആരോപിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ യാത്രാച്ചിലവ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഹ്വാനത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ വല്ലാത്തൊരു അത്ഭുതത്തോടെയാണ് കേട്ടത്.
അടച്ചിടലിനെ തുടര്‍ന്ന് തൊഴിലും, കൂലിയുമില്ലാതെ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ തയ്യാറാവാതെ കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ബഹുമാന്യയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം, അവരുടെ യാത്ര ചിലവുകള്‍ പ്രദേശ് കോണ്‍ഗ്രസ്‌കമ്മിറ്റികള്‍ ഏറ്റെടുത്തത്. അധികാര രാഷ്ട്രീയത്തിന്റെ തിമിരം ബാധിക്കാത്ത മുഴുവന്‍ മനുഷ്യസ്‌നേഹികളും, മാധ്യമങ്ങളും ഈ ഉദ്യമത്തെ വാഴ്ത്തുകയുണ്ടായി.

രാജ്യത്തിന്റെ നിര്‍മ്മാണ പുരോഗതിയില്‍ നിശബ്ദമായി കഠിനാധ്വാനം ചെയ്യുന്ന ഈ ലക്ഷക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ടു പട്ടിണിയില്‍ കഴിയുമ്പോഴും, അവരില്‍ നിന്ന് യാത്രക്കൂലി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മനുഷ്യത്വരഹിതമാണെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് സംശയമുണ്ടാവാന്‍ സാധ്യതയില്ല. നാട്ടില്‍ തിരിച്ചെത്തിയാലും തൊഴിലില്ലാതെ മുഴുപ്പട്ടിണിയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ അവസാനത്തെ സമ്പാദ്യവും കയ്യിട്ട് വാരിയാണ് കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കു യാത്രാസൗകര്യം ഒരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഈ കൊടിയ നീതിനിഷേധത്തിനെതിരെ നെഞ്ചുവിരിച്ചു ശബ്ദമുയര്‍ത്തുന്നതിനു പകരം, അവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ടു വന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഈ അനീതിക്കെതിരെ മൗനമായിരിക്കാന്‍ കഴിയില്ലെന്നുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഈ ഉദ്യമം ഏറ്റെടുത്തത്. അതിഥിതൊഴിലാളികളുടെ യാത്രാചെലവ് അവര്‍ക്കു നേരിട്ടും അല്ലെങ്കില്‍ സര്‍ക്കാറിനും നല്കാന്‍ തയ്യാറാണെന്ന് കെ പി സി സി, കേരള ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രി എന്തിനാണ് നീരസം പ്രകടിപ്പിക്കുന്നത്. മാത്രമല്ല ആലപ്പുഴ ഡിസിസി പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറാന്‍ ചെന്നപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാത്തതിനാല്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കളക്ടര്‍ അതു നിരസിക്കുകയുമുണ്ടായി.

രാജ്യത്തുടനീളം വെറുമൊരു ആഹ്വാനം നടത്തി പിരിഞ്ഞുപോവുകയായിരുന്നില്ല കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി യാത്രാ ഇനത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന് ഒരു കോടി രൂപ നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അതിഥിതൊഴിലാളികളുടെ മുഴുവന്‍ യാത്രാചിലവും വഹിക്കാന്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാതൃകാപരമായ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളെ തൊഴിലാളിവര്‍ഗ പാര്‍ട്ടി എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി പരിഹസിക്കുന്നത് അന്ധമായ കോണ്‍ഗ്രസ് വിദ്വേഷം ഒന്ന് കൊണ്ട് മാത്രമാണ്. കോണ്‍ഗ്രസ് അധ്യക്ഷ ദേശീയതലത്തില്‍ നടത്തിയ ഈ പ്രഖ്യാപനത്തെ പരിഹസിക്കുന്നത് കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു കോട്ടവും സംഭവിക്കില്ലെന്നും, മറിച്ച് ഇത്തരമൊരു സമീപനം മുഖ്യമന്ത്രി വഹിക്കുന്ന പദവിയുടെ മഹത്വം ഇല്ലാതാക്കാനേ ഉപകരിക്കുവെന്നും മുഖ്യമന്ത്രി മനസിലാക്കിയാല്‍ നന്ന്. സംസ്ഥാന സര്‍ക്കാരിന് തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കാനാകില്ലെങ്കില്‍ കോണ്‍ഗ്രസ് നല്‍കുന്ന പണം വാങ്ങിയെങ്കിലും അവരുടെ കണ്ണീരൊപ്പാന്‍ ദുരഭിമാനം വെടിഞ്ഞു മുഖ്യമന്ത്രി തയ്യാറാവണം.

ഇതോടൊപ്പം തന്നെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളിയുടെ പോക്കറ്റടിക്കുന്ന കേന്ദ്രസര്‍ക്കാരും റെയില്‍വേയും ഇക്കാര്യത്തില്‍ കാട്ടുന്ന ഇരട്ടത്താപ്പും ജനം തിരിച്ചറിയണം. തൊഴിലാളികളുടെ സൗജന്യ യാത്രക്ക് പണമില്ലെന്നു പറഞ്ഞ റെയില്‍വേ കഴിഞ്ഞ ദിവസം 150 കോടിയാണ് പ്രധാന മന്ത്രിയുടെ പി.എം. കെയര്‍ ഫണ്ടിലേക്ക് നല്‍കിയത്. ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിന് ആര്‍ഭാടമൊരുക്കാന്‍ കോടികള്‍ ഒഴുക്കിയ മോദി സര്‍ക്കാരിന് ദരിദ്രരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ സാഡിസ്റ്റ് മനോഭാവമാണുള്ളത്.

---- facebook comment plugin here -----

Latest