ടിക്കറ്റ് നിരക്ക് 13,000 രൂപ; ആദ്യ സര്‍വീസ് അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്

Posted on: May 5, 2020 2:00 pm | Last updated: May 5, 2020 at 6:09 pm

അബൂദബി | യു എ ഇ യില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം സംബന്ധിച്ച് ഏകദേശ ധാരണയായി. മെയ് ഏഴിന് ആരംഭിക്കുന്ന ആദ്യ വിമാനം അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട് സെക്ടറിലേക്കാണ് സര്‍വീസ് നടത്തുക. സ്ഥാനപതി കാര്യാലയം ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്ര ചെയ്യാന്‍ അവസരം ലഭിക്കുക. ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍, അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വെബ്‌സൈറ്റ്, ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നല്‍കുന്ന ലിസ്റ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്ന് എംബസി അധികൃതര്‍ അറിയിച്ചു. അബൂദബി-കൊച്ചി റൂട്ടില്‍ ഇന്ത്യന്‍ രൂപ 13,000 ആണ് ഏകദേശ ടിക്കറ്റ് നിരക്ക്. യാത്ര ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ കൊവിഡ് 19 പരിശോധന നടത്തേണ്ടതുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.