Connect with us

Covid19

ഇന്ത്യയില്‍ മരണം കുത്തനെ കൂടി; 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 195 പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരി മൂലം ഇന്ത്യയിലെ സ്ഥിതിയും കൂടുതല്‍ വഷളാകുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായതിന് സമാനമായി മരണവും പുതിയ രോഗികളുടെ എണ്ണവും കുത്തനെ കൂടുകയാണ്. മരണ നിരക്കില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 195 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3900 പുതിയ കേസുകളുമുണ്ടായി. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് ഇതിനകം 46,433 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1568 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 32124 രോഗികളാണ് ചികിത്സയിലുള്ളത്. 12727 പേര്‍ക്ക് രോഗം ഭേദമായി.ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളുടെ സ്ഥിതിയാണ് കൂടുതല്‍ ദയനീയം. മഹാരാഷ്ട്രയില്‍ മാത്രം 14,000 രോഗികളും 583 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 1567 കേസും 35 മരണവുമാണുണ്ടായത്. ഗുജറാത്തില്‍ 5804 കേസുകളും 319 മരണവുംറിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം ഗുജറാത്തില്‍ 376 കേസും 29 മരണവുമുണ്ടായി.

ഡല്‍ഹിയില്‍ 4898 കേസുകളും 64 മരണവും തമിഴ്‌നാട്ടില്‍ 3550 കേസുകളും 31 മരണവും രാജസ്ഥാനില്‍ 3061 കേസുകളും 71 മരണവും മധ്യപ്രദേശില്‍ 2942 കേസും 165 മരണവുമുണ്ടായി.

Latest