Connect with us

Kerala

പ്രവാസികളുടെ മടങ്ങിവരവിന് അവസരം തുറന്നതിൽ സന്തോഷം; യാത്രാചെലവ് കേന്ദ്രസർക്കാർ വഹിക്കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | പ്രവാസികളെ വ്യാഴാഴ്ച മുതൽ തിരികെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം ഏറെ സന്തോഷം നൽകുന്നതാണെന്നും മടങ്ങിവരുന്ന പ്രവാസികളുടെ യാത്രാചെലവ് കേന്ദ്രസർക്കാർ വഹിക്കണം എന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശ കാര്യമന്ത്രി എന്നിവർക്ക് കത്തയച്ചതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഒരു മാസത്തിലധികമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്. പക്ഷേ, വരുന്നവരുടെ യാത്രാചെലവടക്കം അവർ തന്നെ വഹിക്കണം എന്ന നിർദേശം ഈ ഘട്ടത്തിൽ മിക്കവാറും പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കും. തൊഴിൽ നഷ്ടപ്പെട്ടവരും, ചെറിയ തൊഴിലെടുക്കുന്നവരുമൊക്കെയാണ് തിരിച്ചുവരുന്നവരിൽ അധികവും. അതിനാൽ, പ്രവാസികളുടെ യാത്രാചെലവ് കൂടി കേന്ദ്രഗവൺമെന്റ് വഹിക്കണം.

വിദേശത്താണ് ജോലി ചെയ്യുന്നത് എങ്കിലും, നമ്മുടെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ വലിയ സംഭാവനകൾ നൽകുന്നവരാണ് അവർ. അവരെ, ഹൃദയത്തോട് ചേർത്തുനിർത്തുകയെന്നത് നമ്മുടെ ബാധ്യതയാണ്. പ്രവാസികളെ പെട്ടെന്നു തിരികെയെത്തിക്കാനുള്ള നടപടികൾക്ക് ആരംഭം കുറിച്ചതിൽ സന്തോഷം അറിയിച്ചും, അവരുടെ യാത്രാചെലവ് കേന്ദ്രസർക്കാർ വഹിക്കണം എന്ന ആവശ്യം ഉന്നയിച്ചും പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യമന്ത്രി എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.

ഈ നിർബന്ധ സാഹചര്യത്തിൽ തിരികെവരുന്ന  പ്രവാസികളെ ചൂഷണം ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്നും ആ വിഷയത്തെ  കേന്ദ്രസർക്കാർ  ഗൗരവത്തോടെ കാണണം എന്നും  പ്രവാസികളുടെ  മടങ്ങിവരവ് സുഗമമായി നടത്താനുള്ള എല്ലാ വഴികളും ഉണ്ടാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി കാന്തപുരം പറഞ്ഞു.

---- facebook comment plugin here -----

Latest