Connect with us

Kerala

തലപ്പാടിയില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജം; ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കും

Published

|

Last Updated

കാസര്‍കോട് | ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ തിങ്കളാഴ്ച മുതല്‍ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചതാണ് ഇക്കാര്യം. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്‍പ് ഡെസ്‌ക്കുകളാണ് പ്രവര്‍ത്തന ക്ഷമമാവുക. തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

കര്‍ണാടകയില്‍ നിന്നുംജില്ലാ അതിര്‍ത്തിയിലെത്തുന്നഓരോ വാഹനത്തിനും ആര്‍ ടി ഒ, പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണ്‍ നല്‍കും. ടോക്കണിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ രേഖകളുടെ പരിശോധനക്കായി ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് കടത്തിവിടുക. വാഹനത്തില്‍ നിന്ന് ഡ്രൈവറെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചു പേരും മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നും കലക്ടര്‍ നിഷ്‌കര്‍ഷിച്ചു. സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ജെ എച്ച് ഐ, ആര്‍ ടി ഒ, റവന്യൂ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വാഹനം പരിശോധിക്കുകയും യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ തിട്ടപ്പെടുത്തുകയും ചെയ്യും.

ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മെഡിക്കല്‍ ഓഫീസറുടെ പരിശോധനക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. പരിശോധനക്ക് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. മറ്റ് ജില്ലക്കാരാണെങ്കില്‍ അവിടെ എത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. 20 ഹെല്‍പ് ഡെസ്‌ക്കുകള്‍ക്ക് ഒരാളെന്ന തോതില്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മൂന്നു ഷിഫ്റ്റുകളായി 15 സംരംഭകരെ നിയോഗിക്കും. ഹെല്‍പ് ഡെസ്‌ക്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന് കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും തലപ്പാടിയിലേക്കും തിരിച്ചും കെ എസ് ആര്‍ ടി സി ബസ് ഏര്‍പ്പെടുത്തും.

ഹെല്‍പ് ഡെസ്‌ക്കുകള്‍ ഓരോ അര മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള ആംബുലന്‍സുകളുടെ വിവരങ്ങളടങ്ങിയ പട്ടിക തയാറാക്കും. അടിയന്തര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലന്‍സുകള്‍ ഒഴികെയുള്ളവ ഹെല്‍പ് ഡെസ്‌ക്കുകളില്‍ സജ്ജമാക്കി നിര്‍ത്തും.

Latest