മാട്ടൂല്‍ തങ്ങള്‍: പാണ്ഡിത്യത്തിന്റെ നിറവ്‌

Posted on: May 3, 2020 12:08 pm | Last updated: May 3, 2020 at 12:08 pm

വടക്കേ മലബാറിന്റെ ആത്മീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു മാട്ടൂല്‍ തങ്ങള്‍ എന്നറിയപ്പെട്ട സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ശിഷ്യത്വത്തിലൂടെ അനുഗ്രഹീത പാണ്ഡിത്യം നേടിയ അദ്ദേഹം കഴിഞ്ഞ 48 വര്‍ഷത്തോളമായി ദര്‍സ് രംഗത്ത് കര്‍മനിരതനായിരുന്നു.
മിതഭാഷിയായ അദ്ദേഹം തികഞ്ഞ ലാളിത്യത്തോടെയായിരുന്നു ജീവിതം നയിച്ചത്. സൗമ്യതയായിരുന്നു അവിടുത്തെ പ്രത്യേകത. പാണ്ഡിത്യത്തിന്റെ നിറവിലും സാധാരണക്കാരോട് ഇടപഴകി നയിച്ച ജീവിതം. എല്ലാവരോടുമുള്ള സമീപനത്തില്‍ സൂക്ഷ്മത പുലര്‍ത്തിയ സയ്യിദവര്‍കള്‍ കൂടുതലായി ഇബാദത്തുകളില്‍ മുഴുകാനും ശ്രദ്ധിച്ചു.

1982ല്‍ സമസ്ത അവിഭക്ത കണ്ണൂര്‍ ജില്ലാ മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രാസ്ഥാനിക രംഗത്ത് സജീവമായ അദ്ദേഹം സുന്നി പ്രവര്‍ത്തകര്‍ക്ക് ധൈര്യവും അഭയവുമായിരുന്നു. നമ്മുടെ വേദികളിലും സംരംഭങ്ങളിലുമെല്ലാം ആത്മീയ സാന്നിധ്യമായി നിറഞ്ഞുനിന്നു. സാദാത്തീങ്ങളിലൂടെയുള്ള ആ പരമ്പരയുടെ പരിമളം നമ്മുടെ പ്രവര്‍ത്തകര്‍ക്ക് അതിരറ്റ അനുഭൂതിയായിരുന്നു.

2011ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹാനവര്‍കള്‍ കന്‍സുല്‍ഉലമ ചിത്താരി ഉസ്താദിന്റെ വിയോഗത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയായി ചുമതലയേറ്റു. ഇതിലൂടെ ജില്ലയിലെ ധാരാളം മഹല്ലുകള്‍ക്ക് അവിടുത്തെ അനുഗ്രഹീത നേതൃത്വം ലഭിക്കുകയുണ്ടായി.
അധ്യാപനം വലിയ ഇഷ്ടമായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ സേവനം തുടങ്ങി. ഇരുപത്തഞ്ചോളം വര്‍ഷം വലിയ പള്ളിദര്‍സിനായിരുന്നു തങ്ങള്‍ നേതൃത്വം നല്‍കിയത്. തുടര്‍ന്ന് വിടപറയും സമയം വരെയും മാട്ടൂല്‍ മന്‍ശഇലും തന്റെ ദര്‍സ് ജീവിതം ഊര്‍ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമിക സംഘാടനവും പ്രബോധനവും എന്ന പോലെ മത-ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തും ശ്രദ്ധേയമായ നേതൃത്വമാണ് തങ്ങളുടേത്. മാട്ടൂല്‍ മര്‍ശഉത്തസ്‌കിയത്തു സുന്നിയ്യയുടെയും തൃക്കരിപ്പൂര്‍ മുജമ്മഉല്‍ ഇസ്‌ലാമിയ്യയുടെയും ധീര സാരഥ്യവും അതിന് വേണ്ടിയുള്ള അധ്വാനവും ഇതിന്റെ തെളിവാണ്.

ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അവിടുന്ന് സ്വീകരിച്ചത്. മതം പറയുന്നതില്‍ ആരെയും ഭയപ്പെട്ടില്ല. മത വിധികള്‍ ആര്‍ക്കൊപ്പിച്ചും പറഞ്ഞില്ല. സത്യത്തിന് വേണ്ടി എന്നും നിലകൊണ്ടു. സമസ്തയുടെ പിളര്‍പ്പിനെ തുടര്‍ന്ന് പണ്ഡിതന്‍മാര്‍ രണ്ട് പക്ഷമായപ്പോള്‍ തന്റെ ഉസ്താദു കൂടിയായ താജുല്‍ ഉലമയുടെ കൂടെ ഉറച്ചു നിന്നു. അപ്പോഴും താന്‍ സേവനം ചെയ്ത പ്രദേശത്ത് എല്ലാവരെയും യോജിപ്പോടെ മുന്നോട്ടു നയിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഊര്‍ജം തന്ന നേതാവായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തെയും പ്രവര്‍ത്തകരേയും ചേര്‍ത്തു പിടിച്ച മുന്നേറ്റത്തെയാണ് അവിടുന്ന് ഇഷ്ടപ്പെട്ടത്. എല്ലാവരാലും ആദരിക്കപ്പെട്ടു. ഒരു നാട് മുഴുവന്‍ മാട്ടൂല്‍ തങ്ങള്‍ എന്ന് ആദരവുകളോടെ വിളിച്ചു. ഓരോ വീഴ്ചയിലും കൈ പിടിച്ച് കൂടെ നില്‍ക്കുന്ന കരുതലായിരുന്നു ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം സയ്യിദവര്‍കള്‍.
മഹാനവര്‍കളുടെ വിയോഗത്തിലൂടെ നമ്മുടെ ആത്മീയ സദസ്സുകളില്‍ വലിയ വിടവാണ് വന്നിരിക്കുന്നത്. നാം ആത്മീയമായി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തിലാണ് അത് സംഭവിക്കുന്നത് എന്നതും നമ്മെ കൂടുതല്‍ അനാഥമാക്കുന്നുണ്ട്. നാഥന്‍ അവിടുത്തെ ദറജ ഉയര്‍ത്തിക്കൊടുക്കുമാറാകട്ടെ.