Connect with us

Kannur

ളിയാഉല്‍ മുസ്തഫയുടെ വിയോഗം; നഷ്ടമായത് സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ

Published

|

Last Updated

ളിയാഉല്‍ മുസ്തഫ ഹാമീദ് കോയമ്മ തങ്ങള്‍ ഉസ്താദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് സമൂഹത്തിനു നല്‍കിയത്. വലിയ ഒരാത്മീയ നേതൃത്വം, തികഞ്ഞ പണ്ഡിതന്‍, ആയിരക്കണക്കിന് ശിഷ്യന്മാരുള്ള മുദരിസ്, സമസ്തയുടെ സാരഥി, കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസി. ഇതിനൊക്കെ പുറമെ ഈ കാലത്തേ വലിയൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു തങ്ങള്‍. എന്നെ സംബന്ധിച്ചിടത്തോളം രണ്ടു വര്‍ഷത്തിലേറെയുള്ള ഉസ്താദ് എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു തന്ന മാര്‍ഗദര്‍ശി ആയിരുന്നു തങ്ങള്‍.

ദേലംപാടി ഹൈ സ്‌കൂളാവുകയും കുട്ടികളുടെ കുറവുമൂലം മലയാളം ഡിവിഷന്‍ നിലനില്ക്കാതെ പോവുകയും ചെയ്യുന്ന ഒരു ഘട്ടം വന്നപ്പോള്‍ അവിടുത്തെ മുദരിസ്സായിരുന്ന ഹാമീദ് കോയമ്മ തങ്ങള്‍ കണ്ട വഴി ആയിരുന്നു ദര്‍സിനോടൊപ്പം സ്‌കൂള്‍ പഠനത്തിനും അവസരം നല്‍കുന്ന സംവിധാനം. ഇന്നത്തെ പോലെ മോഡല്‍ അക്കാദമികളോ ദഅവാ കോളേജുകളോ ഇല്ലാത്ത കാലം. സ്‌കൂള്‍ പഠനത്തോടൊപ്പം ദര്‍സിലും പോകണം എന്ന ചിന്ത ഉണ്ടായിരുന്ന എനിക്കിത് നല്ല സൗകര്യമായി.

ഞങ്ങൾക്ക് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ബാലപാഠം ഉസ്താദില്‍ നിന്നാണ് പകര്‍ന്നു കിട്ടിയത്. പറഞ്ഞു പഠിപ്പിക്കുകയായിരുന്നില്ല. ചെയ്തു കാണിച്ചുകൊണ്ട് ഞങ്ങളുടെ മനസ്സില്‍  പതിപ്പിക്കുകയായിരുന്നു തങ്ങൾ. സമൂഹത്തില്‍ എങ്ങനെ ഇടപെടണം, ഒരു മഹല്ലിനെ, നാട്ടുകാരെ എങ്ങനെ പരിഷ്‌ക്കരിക്കണം മറ്റുള്ളവരെ സഹായിക്കുന്ന സാന്ത്വന പ്ര വര്‍ത്തനങ്ങളുടെ പ്രാധാന്യം എന്താണ് തുടങ്ങി എല്ലാ കാര്യങ്ങളും ഉസ്താദ് പറയാതെ പഠിപ്പിച്ചു തന്നു.

ദേലംപാടിയില്‍ പഠിക്കുന്ന കാലത്തു പറഞ്ഞു കേട്ട ഒരു സംഭ വമുണ്ട്. പണ്ട് മുതലേ പ്രസിദ്ധമായ ദര്‍സ് നടക്കുന്ന സ്ഥലമാണ് ദേലംപാടി. താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ആണ് അവിടേക്ക് മുദരിസുമാരെ അയച്ചു കൊടുത്തിരുന്നത്. അങ്ങനെ ഒഴിവ് വന്നപ്പോള്‍ താജുല്‍ ഉലമ തന്‌ടെ പ്രിയ ശിഷ്യനും ബന്ധുവുമായ ഹാമീദ് കോയമ്മ തങ്ങളെ നിര്‍ദ്ദേശിച്ചു. തങ്ങളാണെങ്കില്‍ ഉള്ളാളത്തുനിന്നു നിന്ന് ബിരുദം വാങ്ങി ഇറങ്ങുന്നതേയുള്ളു. ഏറെ താടിയോ മീശയോ വളര്‍ന്നിട്ടില്ലാത്ത ചെറുപ്പക്കാരന്‍. തങ്ങള്‍ ദേലം പാടിയില്‍ വന്നു. തൊട്ടടുത്ത ദിവസം ഒരു സദസ്സില്‍ തങ്ങളുടെ ദുആക്ക് ഒരു നാട്ടുകാരന്‍ കൈ ഉയര്‍ത്തി ആമീന്‍ പറഞ്ഞില്ല. ആളുകള്‍ ചൂണ്ടികാട്ടിയപ്പോള്‍ നിസാര ഭാവത്തില്‍ അയാള്‍ പറഞ്ഞുവത്രേ “ഹേ അത് താടിയും മീശയും മുളക്കാത്ത കോയക്കിടാവ്”. അയാള്‍ വീട്ടില്‍ ചെന്ന് തന്‌ടെ കൃഷി സ്ഥലത്തു നിലമുഴുതാന്‍ കാളയേ ഒരുക്കുമ്പോള്‍ പതിവില്ലാതെ കാള കൊമ്പുകുലുക്കി ഒരു കുത്തുകൊടുത്തു. അയാ ളുടെ ഒരു കണ്ണ് പൊട്ടിപ്പോയി. അതോടെ തങ്ങള്‍ നാട്ടുകാരുടെ ശ്രദ്ധാ കേന്ദ്രമായി.

നാട്ടില്‍ എന്ത് നടക്കുകയാണെങ്കിലും തങ്ങളെ കണ്ടു കാര്യം പറയുകയെന്നത് ദേലംപാടിക്കാരുടെ ഒരു ജീവിത ശൈലി ആയി മാറാന്‍ പിന്നെ ഏറെ താമസം വേണ്ടി വന്നില്ല. സ്‌കൂള്‍ കം ദര്‍സ് തുടങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണത്തിനു കാന്റീന്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്തെന്ത് വിഷയങ്ങളുണ്ടായാലും എല്ലാം കേട്ട് തങ്ങള്‍ പറയുന്ന തീരുമാനത്തിന് പിന്നെ അപ്പീല്‍ ഉണ്ടായിരുന്നില്ല. തങ്ങള്‍ ദേലംപാടി വിട്ടു പുളിങ്ങോത്തു പോയി, പിന്നെ മാട്ടൂലിലും എന്നിട്ടും അടുത്ത കാലം വരെ ഈ നില ദേലംപാടി ഭാഗത്തു നിലനിന്നു പോന്നത് സമൂഹത്തില്‍ തങ്ങള്‍ക്കുണ്ടായ സ്വീകാര്യത ഒന്ന് കൊണ്ട് മാത്രമാണ്. എണ്‍പതുകളിലെ ദേലംപാടിയില്‍ തങ്ങള്‍ വിത്തിട്ട സാമൂഹ്യ പരിഷ്‌കരണത്തിന്റെ അനന്തരഫലങ്ങളാണ് ആ മലയോര മേഖലയില്‍ ഇന്നുണ്ടായ വളര്‍ച്ചയുടെ അടിസ്ഥാന ശില.

മാട്ടൂലില്‍ തങ്ങളുടെ സ്ഥിര നേതൃത്വം കിട്ടിത്തുടങ്ങിയോതോടെ യാണ് മാറ്റൊലി യതീംഖാന ഇന്നത്തെ രീതിയില്‍ മന്‍ശഹ് സ്ഥാപന സമുച്ചയമായി വളര്‍ന്നത്. സഅദിയ മുജമ്മഉ പോലുള്ള സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ നേതൃത്വം ഗുണമായിട്ടുണ്ട്. സൗമ്യമായ പെരുമാറ്റവും ഗൗരവമായ ആത്മീയ തേജസ്സും മേളിച്ച തങ്ങളുടെ നേതൃത്വം അനുഭവിച്ചവര്‍ക്ക് അത് മറക്കാനാവില്ല. അതാണ് വിശുദ്ധ റമളാ നിന്റെ ഈ പവിത്ര നാളില്‍ തങ്ങളുസ്താദിന്റെ വിയോഗത്തിലൂടെ സമൂഹത്തിനു നഷ്ടപ്പെട്ടത്. നാഥാ തങ്ങളുസ്താദിന്റെ കൂടെ ഞങ്ങളെയും നീ സ്വര്‍ഗത്തില്‍ ഒന്നിപ്പിക്കണെ ആമീന്‍.

ഹമീദ് പരപ്പ അബുദാബി 

ഐ സി എഫ്, ജനറൽ സെക്രട്ടറി യു എ ഇ

Latest