Connect with us

National

സാമ്പത്തിക പുനരുദ്ധാരണം എങ്ങനെയെന്ന് കേന്ദ്രം വ്യക്തമാക്കണം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ തകര്‍ന്ന സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് എന്ത് പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. കോവിഡിനെ നേരിടുന്നതിനുള്ള സര്‍ക്കാറിന്റെ പദ്ധതി എന്താണ്?.ലോക്ക്ഡൗണ്‍ ഇനിയും നീളുമോ?. എന്താണ് സാമ്പത്തിക പുനരുദ്ധാരണ നടപടി?- ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ, ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ പോലും സര്‍ക്കാര്‍ നടപടി പ്രഖ്യാപിക്കാന്‍ മുന്നോട്ടുവന്നില്ല. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെ രാജ്യം എങ്ങനെയാണ് നേരിടുന്നത് എന്നതു സംബന്ധിച്ചോ ജനങ്ങളുടെ ദുരിതങ്ങള്‍ കുറയ്ക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കുക എന്ന കാര്യത്തിലോ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും രാജ്യത്തോട് ഒരു കാര്യവും പറയുന്നില്ല.

പ്രതിസന്ധി മറികടക്കുന്നതിന് രാജ്യം ഏതു രീതിയിലാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം പ്രധാനമന്ത്രി മുന്നോട്ടുവന്ന് ജനങ്ങളോട് പറയണം. 40 കോടി വരുന്ന പാവപ്പെട്ട ഗ്രാമീണര്‍ക്കും തൊഴിലാളികള്‍ക്കും ജീവിതമാര്‍ഗവും ഭക്ഷണവും ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ പദ്ധതികളാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്? 11 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 4.25 കോടി ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ എന്ത് ആശ്വാസ നടപടികളാണ് സ്വീകരിക്കുകയെന്നും സുര്‍ജേവാല ചോദിച്ചു.

 

Latest