Connect with us

Kerala

മലപ്പുറം ജില്ലയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലേക്ക് യാത്രയാകും

Published

|

Last Updated

തിരൂർ | ലോക്ക്ഡൗൺ കാരണം നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന്  സ്വന്തം നാട്ടിലേക്ക് യാത്രയാകും. ബിഹാറില്‍ നിന്നുള്ള 1,200 അതിഥി തൊഴിലാളികളെ യാണ് ആദ്യം കൊണ്ടുപോകുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടി തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇന്ന് വൈകുന്നേരം ബിഹാറിലെ ധാനപൂരിലേയ്ക്ക് പുറപ്പെടും.

അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലാളികളെ കെ എസ് ആര്‍ ടി സി ബസുകളില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കും. ആരോഗ്യ ജാഗ്രത പാലിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആദ്യ സംഘത്തെ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിക്കുക. പ്രത്യേക തീവണ്ടിയിൽ സാമൂഹ്യ അകലം ഉറപ്പാക്കിയാവും യാത്ര. നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കിയവരെ മാത്രമായിരിക്കും ഓരോ ഘട്ടങ്ങളിലും കൊണ്ടുപോവുകയെന്നും തൊഴിലാളികള്‍ നേരിട്ട് റെയില്‍വെ സ്റ്റേഷനുകളില്‍ എത്തരുതെന്നും  ജില്ലാ കലക്ടർ അറിയിച്ചു.