അതിഥി തൊഴിലാളികളെയുമായി ആദ്യ ട്രെയിന്‍ ഭുവനേശ്വറിലേക്ക് തിരിച്ചു; ശനിയാഴ്ച രണ്ട് ട്രെയിനുകള്‍

Posted on: May 1, 2020 10:45 pm | Last updated: May 2, 2020 at 9:04 am
ആലുവയിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ കെെവീശി കാണിക്കുന്ന അതിഥി തൊഴിലാളികൾ

ആലുവ | ലോക്ഡൗണ്‍ മൂലം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെയുമായി ആദ്യ തീവണ്ടി ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് തിരിച്ചു. രാത്രി പത്ത് മണിയോടെയാണ് പ്രത്യേക നോണ്‍ സ്‌റ്റോപ് ട്രെയിന്‍ ആലുവയില്‍ നിന്ന് പുറപ്പെട്ടത്. 1140 അതിഥി തൊഴിലാളികളാണ് ഈ വണ്ടിയില്‍ യാത്ര ചെയ്യുന്നത്. 34 മണിക്കൂർ നീളുന്ന യാത്രയിൽ വിശപ്പടക്കാൻ ഭക്ഷണപ്പൊതികൾ നൽകിയാണ് തൊഴിലാളികളെ ജില്ലാഭരണകൂടം യാത്ര അയച്ചത്.

ഇന്ന് യാത്ര തിരിച്ചവരില്‍ കൂടുതല്‍ പേരും പെരുമ്പാവൂരില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളാണ്. പെരുമ്പാവൂരില്‍ വെച്ച് മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയ ശേഷം ബസ് മാര്‍ഗമാണ് ഇവരെ ആലുവയില്‍ എത്തിച്ചത്. 40 ബസുകളിലായി സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുവന്നത്.

അതിഥി തൊഴിലാളികള്‍ക്കായി ശനിയാഴ്ച കേരളത്തില്‍ നിന്ന് രണ്ട് വണ്ടികള്‍ യാത്ര തിരിക്കും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പട്‌നയിലേക്കുമാണ് ശനിയാഴ്ച പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. വരും ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ട് നിന്നും കൂടി അതിഥി തൊഴിലാളികളെയും വഹിച്ചുള്ള ട്രെയിനുകളുടെ സർവീസ് തുടങ്ങും.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താനനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലം ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കേരളത്തിൽ നിന്ന് ആദ്യ ട്രെയിൻ യാത്ര തിരിച്ചത്. അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാജ്യത്ത് വിവിധയിടങ്ങളില്‍ പെട്ടുപോയ നിരവധി പേരെ  പ്രത്യേക ട്രെയിനുകളില്‍ സ്വന്തം നാടുകളില്‍ എത്തിക്കാനാണ് ഉത്തരവില്‍ റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റെയില്‍വേ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ടിക്കറ്റ് വില്‍പ്പന, സ്റ്റേഷനുകള്‍,  പ്ലാറ്റ്ഫോമുകള്‍, ട്രെയിനുകള്‍ എന്നിവയില്‍ സാമൂഹിക അകലം പാലിക്കുന്നതിനും മറ്റ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.