സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഇളവുകള്‍ അനുവദിച്ചു

Posted on: May 1, 2020 5:50 pm | Last updated: May 1, 2020 at 5:50 pm

തിരുവനന്തപുരം | സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഇളവുകള്‍ അനുവദിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇളവുകള്‍ നല്‍കിയത്. എല്ലാ മത്സ്യബന്ധന ബോട്ടുകളും പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട ഓഫിസില്‍ വിശദവിവരങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മത്സ്യബന്ധന തുറമുഖ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

45 അടി വരെയുള്ള ബോട്ടുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ അനുമതി നല്‍കി. 45 അടി മുതലുള്ള വള്ളങ്ങള്‍ക്കും യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും തിങ്കളാഴ്ച മുതലാണ് അനുമതി. കേരള റജിസ്‌ട്രേഷനുള്ള ബോട്ടുകള്‍ക്ക് 10 തൊഴിലാളികളെ നിയോഗിക്കാം.

റജിസട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവുന്നതാണ്.

റിംഗ് സീനര്‍ ഉള്‍പ്പെടെ പരമ്പരാഗത വള്ളങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. റിംഗ് സീനര്‍ ബോട്ടുകളില്‍ പരമാവധി 20 മത്സ്യത്തൊഴിലാളികള്‍ മാത്രമേ പാടുള്ളൂവെന്നും വ്യക്തമാക്കുന്നു.