സഊദിയിലെ ഇന്ത്യന്‍ എംബസി അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

Posted on: May 1, 2020 5:42 pm | Last updated: May 1, 2020 at 5:42 pm

റിയാദ് | സഊദിയിലെ ഇന്ത്യന്‍ എംബസി അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെയ് അഞ്ച് മുതല്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വി എഫ് എസ് സേവന കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചത്. നിലവില്‍ കര്‍ഫ്യുവിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സേവന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്തതോടെയാണ് അടിയന്തിര പ്രാധാന്യമുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും മറ്റ് അനുബന്ധ സേവങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്.

സേവനങ്ങള്‍ക്ക് എംബസിയില്‍ നിന്നും മുന്‍കൂര്‍ അനുമതി ലഭിച്ചവരുടെ അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുക. ഇതിനായി ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് നാല് മണിവരെ 920006139 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ കഴിയും. എംബസിയുടെ [email protected] എന്ന ഇ-മെയിലില്‍ വഴിയും അനുമതി ലഭിക്കും. അനുമതി ലഭിച്ചവര്‍ക്ക് അതാത് ദിവസം രാവിലെ 10 നും ഉച്ചക്ക് ശേഷം 2 മണിക്കും ഇടയിലുള്ള സമയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.

നിലവില്‍ പാസ്‌പോര്‍ട്ടുകളുടെ കാലാവധി അവസാനിച്ചതും, 2020 ജൂണ്‍ 30ന് മുമ്പ് കാലാവധി അവസാനിക്കാറായതുമായ അപേക്ഷകള്‍ക്കാണ് പ്രഥമ പരിഗണ. എംബസിയില്‍ എത്തുന്ന അപേക്ഷകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും പാസ്‌പോര്‍ട്ട് സേവങ്ങളല്ലാത്ത മറ്റ് ആവശ്യങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വഴി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ അപേക്ഷയുടെ അടിയന്തര സാഹചര്യം പരിശോധിച്ച് പരിഹാര നടപടിയുണ്ടാവുമെന്നും എംബസി അറിയിച്ചു

കോവിഡ് വ്യാപനം മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ രാജ്യത്ത് കഴിയേണ്ടി വരികയും, നാട്ടിലേക്ക് മടങ്ങുന്നതിനായി അബ്ഷിര്‍ ‘ഔദയിലും’, എംബസിയിലും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത നിരവധിപേര്‍ക്ക് എംബസിയുടെ പുതിയ നടപടി ഏറെ ആശ്വാസകരമാവും.