തൊഴിലാളി വര്‍ഗവും അംബേദ്കറും

Posted on: May 1, 2020 1:23 pm | Last updated: May 1, 2020 at 1:23 pm

ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡ് 19 വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് ലോക തൊഴിലാളി ദിനം കടന്നു പോകുന്നത്. ലോകത്തെമ്പാടുമുള്ള തൊഴിലാളികളെല്ലാം ഒരുപോലെ ആഘോഷിക്കുന്ന അവിസ്മരണീയമായ ദിനമാണ് മെയ് ഒന്ന്. ഒരു ദിവസം എട്ട് മണിക്കൂര്‍ പ്രവൃത്തി എടുക്കുക, തുടര്‍ന്നുള്ള എട്ട് മണിക്കൂര്‍ വിനോദത്തിനും എട്ട് മണിക്കൂര്‍ വിശ്രമത്തിനും അനുവദിക്കുകയെന്ന മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ ചിക്കാഗോയിലെ തെരുവുകളില്‍ പോരാട്ടം നടത്തി പൊലിഞ്ഞുപോയ തൊഴിലാളികളുടെ സ്മരണയാണ് മെയ് ദിനം മുന്നോട്ടുവെക്കുന്നത്.

ഇന്ന് തൊഴിലാളികള്‍ അടക്കമുള്ള പൊതു സമൂഹം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍ പലതും വിവിധ രാജ്യങ്ങളില്‍ പല കാലഘട്ടങ്ങളിലായി തൊഴിലാളികള്‍ നടത്തിയ എണ്ണമറ്റ സമരങ്ങളുടെ ഫലമാണ്. 1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷനലിന്റെ തീരുമാന പ്രകാരമാണ് 1890 മുതല്‍ മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിച്ചു വരുന്നത്. 1923 ലാണ് ഇന്ത്യയിലാദ്യമായി മെയ് ദിനം ആഘോഷിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും ദക്ഷിണേന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ശിങ്കാരവേല ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്താണ് ആദ്യ മെയ്ദിനാഘോഷ യോഗം ചേര്‍ന്നത്. ഇന്ത്യയെപ്പോലെ ലോകത്തെമ്പാടും പാര്‍ശ്വവത്കരിക്കപ്പെടുകയും വിവേചനങ്ങള്‍ നേരിടുകയും ചെയ്യുന്ന ദശലക്ഷക്കണക്കിനാളുകള്‍ മനുഷ്യാവകാശങ്ങള്‍ക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനുമായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ലോക തൊഴിലാളി വര്‍ഗത്തിന് മാര്‍ക്‌സ് എങ്ങനെയാണോ പ്രിയങ്കരനാകുന്നത് അതുപോലെ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന തൊഴിലാളി വര്‍ഗത്തിനും ആധുനിക ലോകത്തെ മുന്നോട്ടു നയിക്കുന്ന തൊഴില്‍ വര്‍ഗങ്ങള്‍ക്കും മറക്കാന്‍ കഴിയാത്ത മറ്റൊരു പേരാണ് ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടേത്. ബ്രിട്ടീഷ് ഇന്ത്യയിലെ തൊഴിലാളികള്‍ക്കും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിനും അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ പക്ഷേ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

വാസ്തവത്തില്‍ മെയ് ദിനത്തില്‍ സ്മരിക്കപ്പെടേണ്ട ഇന്ത്യയിലെ ഒരു തൊഴിലാളി നേതാവായി അംബേദ്കറെ ചരിത്രകാരന്മാര്‍ ഇതുവരെ പരിഗണിച്ചില്ലായെന്നതാണ് സത്യം. ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും തൊഴിലെടുക്കാനുള്ള സാഹചര്യം രൂപപ്പെടുത്തുന്നതിലും തൊഴിലാളികളുടെ ക്ഷേമ ഐശ്വര്യത്തിലും തൊഴില്‍ സുരക്ഷിതത്വത്തിലും ന്യായമായ വേതനം ഉറപ്പാക്കുന്നതിലും അഹോരാത്രം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന അടിസ്ഥാനാശയത്തിന് നിയമപരമായ പിന്‍ബലം ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടാക്കുന്നത് അംബേദ്കറുടെ ശ്രമഫലമായിട്ടായിരുന്നു. 1942 മുതല്‍ 1946 വരെ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു അംബേദ്കര്‍. ഈ കാലയളവിലും പിന്നീട് തൊഴില്‍ മന്ത്രിയെന്ന നിലയിലും നിയമ മന്ത്രിയെന്ന നിലയിലും അംബേദ്കര്‍ മുന്‍കൈയെടുത്തു നടപ്പാക്കിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ലിംഗ വ്യത്യാസമില്ലാതെ തുല്യ ജോലിക്ക് തുല്യവേതനം, സ്ത്രീകളുടെ ഗര്‍ഭകാല ആനുകൂല്യങ്ങള്‍, ക്ഷാമബത്ത, വേതന പരിഷ്‌കരണം, ഒഴിവു ദിനങ്ങളില്‍ വേതനത്തിനുള്ള അവകാശം എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ട്രേഡ് യൂനിയനുകള്‍ക്കുള്ള അംഗീകാരം, പണിമുടക്കാനുള്ള അവകാശ സംരക്ഷണം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ തുടക്കം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്, പ്രൊവിഡന്‍സ് ഫണ്ട്, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്, മിനിമം വേതനം തുടങ്ങി ആധുനിക തൊഴിലാളി സമൂഹം അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ തുടക്കം കുറിക്കുന്നതിന് ഇന്ത്യയില്‍ നേതൃത്വം നല്‍കിയത് അംബേദ്കറാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയും അതിന്റെ അടിത്തറയായ ജാതി വിവേചനവും ഉത്പാദന വ്യവസ്ഥയോട് ബന്ധപ്പെട്ടാണല്ലോ നിലനില്‍ക്കുന്നത്. ജാതി വിഭജനം തൊഴില്‍ വിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന അംബേദ്കറുടെ നിരീക്ഷണത്തിന് ഇന്ത്യന്‍ സാഹചര്യത്തിലുള്ള പ്രസക്തി വളരെ വലുതാണ്. ജാതി നിലനില്‍ക്കുവോളം തൊഴിലാളി വര്‍ഗം എന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലേക്കുള്ള ദൂരം കൂടുതലാണെന്ന് അദ്ദേഹം വിശ്വസിച്ചു.

തന്റെ ജീവിതത്തിലുടനീളം അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം തന്നെ തൊഴിലാളികളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കു വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. അംബേദ്കര്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി എന്നായിരുന്നു. തൊഴില്‍ സമരങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം അദ്ദേഹം ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഭരണഘടനാ ശില്‍പ്പിയെന്ന വിശേഷണത്തോടൊപ്പം ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ സംരക്ഷകന്‍ എന്ന വിശേഷണവും കൂടി അംബേദ്കര്‍ക്ക് അനുയോജ്യമാകും.