Connect with us

Malappuram

കൊടുവായൂർ അബ്ദുർറഹ്മാൻ നഗർ ആയതിന് പിന്നിൽ...

Published

|

Last Updated

അബ്ദുര്‍റഹ്്മാന്‍ നഗർ പഞ്ചായത്ത് ഓഫീസ്

ഒരു പക്ഷെ ഒരു വ്യക്തിയുടെ പേരിൽ ഒരു പഞ്ചായത്ത് ഇന്ത്യയിൽ തന്നെ ഉണ്ടാകണമെന്നില്ല. തിരൂരങ്ങാടി താലൂക്കിലെ കൊടുവായൂരാണ് ഇന്നത്തെ അബ്ദുർറഹ്മാൻ നഗർ ആയത്.
സ്വാതന്ത്യ്ര സമര സേനാനിയും ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ പേരിലേക്ക് ഈ പ്രദേശം മാറിയതിന് പിന്നിൽ അബ്ദുർറഹ്മാൻ സാഹിബിന്റെ രാഷ്ട്രീയ ശിഷ്യനും സ്വാതന്ത്യ്ര സമര സേനാനിയുമായ വി എ ആസാദ് സാഹിബിന്റെ 18 വർഷം നീണ്ട് നിന്ന സമരമാണ്. പുകയൂർ, കൊടുവായൂർ, മമ്പുറം എന്നീ ദേശങ്ങളായി കിടക്കുന്ന ഈ നാട് പൂർവികമായി കലേടത്ത് മൂപ്പിൽ നായരുടെ നാടുവാഴി ഭരണത്തിന് കീഴിലായിരുന്നു. ഇപ്പോൾ ഈ നാടിന്റെ പേര് കേട്ട് മുഹമ്മദ് അബ്ദുര്‍റഹ്മാൻ സാഹിബ് ഇവിടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചവർ പോലും പുതിയ തലമുറയിലുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുര്‍റഹ്മാൻ സാഹിബ് എന്ന ദേശീയ പ്രസ്ഥാനത്തിന്റ കരുത്തുറ്റ നേതാവിനോടൊപ്പം പ്രവർത്തിച്ച ആസാദും ഒരു പിടി ദേശ സ്‌നേഹികളും അബ്ദുർറഹ്മാൻ സാഹിബ് 1945ൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പേര് അനശ്വരമായി നില നിർത്താനായി ഗോധയിലിറങ്ങുകയായിരുന്നു.

ഇതിനായി 1954ൽ ആസാദ് കൊടുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേര് അബ്ദുർറഹ്മാൻ നഗർ മണ്ഡലം കമ്മിറ്റി എന്നാക്കി കെ പി സി സി യുടെ അംഗീകാരം വാങ്ങി. ഒരു വ്യക്തിയുടെ പേരിൽ ഒരു പഞ്ചായത്ത് എന്നതിന് അധികൃതർക്ക് പോലും അന്ന് വിയോജിപ്പായിരുന്നു. മാത്രവുമല്ല പുതിയ പഞ്ചായത്ത് വരുമെന്നായപ്പോൾ മറ്റു പല പേരുകളും ഉയർന്നു വന്നു.

1952ൽ കെ പി സി സി അംഗമായ വി എ ആസാദ് ഈ ആവശ്യം കെ പി സി സി യിൽ ഉന്നയിച്ചു പിന്നീട് എ ഐ സി സി യുടെ അംഗീകാരം വാങ്ങി. ശേഷം പട്ടം താണു പിള്ള മുഖ്യമന്ത്രിയായിരുന്നപ്പോൾ ആസാദ് സാഹിബ് നേരിട്ട് ചെന്ന് അദ്ദേഹത്തെ കണ്ട് ഈ വിഷയം അവതരിപ്പിച്ചു. അങ്ങനെ 1962 ൽ കൊടുവായൂരിനെ അബ്ദുർറഹ്മാൻ പഞ്ചായത്താക്കി വിജ്ഞാപനമുണ്ടായി.
പഞ്ചായത്ത് നിലവിൽ വന്ന ശേഷം പ്രഥമ പ്രസിഡന്റായി വി എ ആസാദിനെ തന്നെയാണ് ഐകകണ്‌ഠ്യേനെ തിരഞ്ഞെടുത്തത്. നീണ്ട 16 വർഷം ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. പിന്നീട് ഈ പ്രദേശത്തിന്റെ എല്ലാ ഔദ്യോഗിക പേരും അബ്ദുർറഹ്മാൻ നഗർ ആയി. വില്ലേജും ഇതേ പേരിൽ തന്നെ. വി കെ പടി എന്ന വെള്ളക്കാട്ടെപ്പടിയിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് കൊടുവായൂർ പോസ്റ്റ് ഓഫീസ് എന്ന പേരിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പ്രദേശവാസികൾ അക്കാലത്ത് തൊഴിൽ തേടി പോയിരുന്നത് കൂടുതലും ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു. അവർ നാട്ടിലേക്ക് അയക്കുന്ന കത്തുകളും മണി ഓർഡറുകളും പലപ്പോഴും പാലക്കാട് ജില്ലയിലെ കൊടുവായൂരിലേക്ക് പോയി തിരിച്ച് അയക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് ആസാദ് സാഹിബ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെ സമീപിച്ച് കൊടുവായൂർ പോസ്റ്റ് ഓഫീസിന്റെ പേര് അബ്ദുറഹ്മാൻ നഗർ പോസ്റ്റ് ഓഫീസ് എന്നാക്കി മാറ്റി.

അബ്ദുര്‍റഹ്മാൻ നഗർ ബസാർ

സൗഹാര്‍ദത്തിന് പേരുകേട്ട അബ്ദുർറഹ്മാൻ നഗർ ആ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിച്ച് പോരുന്നു. മമ്പുറം മഖാമും കൊടുവായൂർ സുബ്രഹ്മണ്യ ക്ഷേത്രവും ഈ പഞ്ചായത്തിലാണ്. അബ്ദുർറഹ്മാൻ നഗർ എന്നതിനെ എ ആർ നഗർ എന്ന് ചുരുക്കി ഉപയോഗിക്കുന്നതിനെ പഴമക്കാർ എതിർക്കുന്നുണ്ട്. അബ്ദുര്‍റഹ്മാൻ സാഹിബിന്റെ നാമം സ്മരിക്കപ്പെടുക എന്ന ലക്ഷ്യം ഇതുമൂലം ഇല്ലാതാകുമെന്നാണ് ഇവരുടെ ആശങ്ക.

മതഭക്തനും കറകളഞ്ഞ സുന്നി വിശ്വാസിയുമായിരുന്ന വി എ ആസാദ് സാഹിബ് 1916 ലാണ് ജനിച്ചത്.

പൂർവികമായി അറിയപ്പെട്ട ദീനീ വിജ്ഞാന പ്രചാരകരായ മുല്ല കുടുംബത്തിലായിരുന്നു ജനനം. വെട്ടിയാട്ടിൽ അഹമ്മദ് എന്ന പേരിലുള്ള ഇദ്ദേഹം ആസാദ് ആയതും അബ്ദുർറഹ്മാൻ സാഹിബിന്റെ ഇഷ്ട ശിഷ്യനായത് കൊണ്ടാണ്.
മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദ് പ്രസിഡന്റായിരുന്ന സംസ്ഥാന ഗ്രാമവികസന ബോർഡിൽ ഡയറക്ടറായും കേരള വഖ്ഫ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1990 മെയ് 26നാണ് വി എ ആസാദ് സാഹിബ് നിര്യാതനായത്.