വസൂരിക്കാലത്ത് മയ്യിത്ത് കട്ടിൽ ചുമന്ന ഓർമയിൽ സൈതുട്ടിഹാജി

Posted on: April 30, 2020 12:49 pm | Last updated: May 8, 2020 at 7:39 pm


കോഴിക്കോട് | കൊവിഡ് ആശങ്കയിൽ നാട് അസ്വസ്ഥമാകുമ്പോൾ ഒരു പഴയ വസൂരിക്കാലം ഓർത്തെടുത്ത് 82കാരൻ. മലപ്പുറം പറവൂർ എറിയാട്ട് സൈതുട്ടി ഹാജിയാണ് 60 വർഷം മുമ്പത്തെ ആ ഭീകരാവസ്ഥയുടെ സാക്ഷി.
1960ലാണ് സംഭവം. പറവൂരിലെ ഒരു പ്രദേശമാകെ വസൂരി രോഗഭീതിയിൽ വിറങ്ങലിച്ച സമയം. വസൂരി ബാധിച്ച ഭാഗത്തേക്ക് ആരും അടുക്കുന്നില്ല. രാത്രി ഒമ്പത് മണി സമയം. പറവൂരിലെ മൂണ്ട്യംകണ്ടിയിൽ രോഗം ബാധിച്ച് ഒരു സ്ത്രീ മരിച്ചു. ഇന്നത്തെ പോലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത കാലം. നാട്ടിലെ കാരണവരായ അത്യോളി മൊയ്തീൻകുട്ടി മാത്രമാണ് രോഗ ബാധിതർക്ക് ഏക ആശ്രയം. പേടിയൊന്നും കൂടാതെ, രോഗം ബാധിച്ചവരേയും മറ്റും പരിചരിക്കുന്ന അദ്ദേഹം മരിച്ച വീട്ടിലേക്ക് മയ്യിത്ത് കട്ടിൽ എത്തിക്കാനുള്ള ദൗത്യം ഏൽപ്പിച്ചത് സൈതുട്ടിയെയാണ്. മൂന്ന് കിലോമീറ്റർ അപ്പുറമുള്ള തൊട്ടിയംപാറ മഹല്ല് പള്ളിയിൽ നിന്ന് മയ്യിത്ത് കട്ടിൽ എത്തിച്ചു കൊടുക്കണം. മരിച്ച വീടിന്റെ അര കിലോമീറ്റർ ഇപ്പുറം വെച്ചാൽ മതി. ബാക്കി കാര്യങ്ങൾ അദ്ദേഹമായിക്കൊള്ളാമെന്ന് ഉറപ്പ്.

അർധ രാത്രിയിൽ ബന്ധു ചോലക്കൽ മോയിൻകുട്ടിയെയും കൂട്ടി പള്ളിയിൽ നിന്ന് മയ്യിത്ത് കട്ടിലെടുത്ത് നിശ്ചിത സ്ഥലത്ത് എത്തിച്ചെങ്കിലും മരിച്ച വീട്ടിലേക്ക് കൊണ്ടു പോകാൻ മറ്റ് മാർഗങ്ങളില്ലെന്ന അത്യോളി മൊയ്തീൻകുട്ടിയുടെ സങ്കടത്തിന് മുന്നിൽ മയ്യിത്ത് കട്ടിലുമായി മരിച്ച വീട്ടിലേക്ക് തന്നെ പോകാനായിരുന്നു സൈതുട്ടിയുടെ തീരുമാനം.

അങ്ങനെ ആരുമറിയാതെ മയ്യിത്ത് കട്ടിൽ മരിച്ച വീടിന്റെ മുറ്റത്ത് കൊണ്ടുവെച്ച് സ്ഥലം വിട്ടത് സ്വന്തം ഉമ്മയോടു പോലും പറഞ്ഞിരുന്നില്ലെന്നാണ് സൈതുട്ടിഹാജിയുടെ സാക്ഷ്യപ്പെടുത്തൽ.
വസൂരി ബാധിച്ച് മരിച്ച മയ്യിത്തുകൾ ഖബറടക്കം നടത്താൻ കോഴിക്കോട് നടുവട്ടത്ത് നിന്നുള്ള പ്രത്യേക സന്നദ്ധ പ്രവർത്തകർ എത്താറായിരുന്നു പതിവെന്ന് സൈതുട്ടി ഹാജി ഓർക്കുന്നു. നടുവട്ടത്തെ ബിച്ചാവക്കാ എന്നയാളായിരുന്നു ഇതിന് നേതൃത്വം നൽകിയത്.

രോഗം ബാധിച്ചവർക്ക് ആര്യവേപ്പിന്റെ ഇലയായിരുന്നു പ്രധാന ചികിത്സ.
ഈ ഇല തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയും ആര്യവേപ്പില വിരിച്ച് കിടക്കലുമെല്ലാമായിരുന്നു പ്രധാന പരിചരണം. വസൂരി ബാധിച്ച് 1960ൽ പറവൂർ ഭാഗത്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ച് പേർ മരിക്കുകയും ചിലർക്ക് കണ്ണ് നഷ്ടപ്പെട്ടതടക്കമുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് പറവൂർ ദാറുസ്സഖാഫയിലെ സൈതുട്ടി ഹാജി പറയുന്നത്.

നേരത്തേ പറവൂരിലെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ച സൈതുട്ടിഹാജി 1978 മുതൽ സുന്നി പ്രാസ്ഥാനിക രംഗത്തെ നിറസാന്നിധ്യമാണ്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂരടക്കം അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ആഇശബിയാണ് ഭാര്യ. പരേതരായ മൊയ്തീൻകുട്ടിയുടേയും ബിയ്യുമ്മയുടേയും മകനാണ്.