Connect with us

Covid19

കൊവിഡ്: സഊദിയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയി; അഞ്ച് പേര്‍ മലയാളികള്‍

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ്- 19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയി. സഊദിയിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരിച്ചവരില്‍ അഞ്ചു പേര്‍ മലയാളികളാണ്. മഹാരാഷ്ട്ര (5), ഉത്തര്‍ പ്രദേശ് (3), ബീഹാര്‍ (2), തെലുങ്കാന (2) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.
മലയാളികളില്‍ ആലപ്പുഴ സ്വദേശി ഹസീബ് ഖാന്‍ പിച്ചാ മുഹമ്മദ് (51) ഉനൈസയിലും കൊല്ലം പുനലൂര്‍ സ്വദേശി വിജയകുമാര്‍ (51) റിയാദിലും, കോഴിക്കോട് സ്വദേശി സക്കീര്‍ ഹുസൈന്‍ മക്കയിലുമാണ് മരിച്ചത്.

എംബസി രേഖകളിലുള്ള മരിച്ച സക്കീര്‍ ഹുസൈന്‍ കേരളീയനാണെന്നും ബീഹാര്‍ സ്വദേശി അല്ല എന്നുമാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചത്. എന്നാല്‍, ഇദ്ദേഹം മലയാളിയല്ലെന്നും ബിഹാര്‍ സ്വദേശിയാണെന്നുമാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി എന്‍ പി സഫ്വാനും (35), മദീനയില്‍ കണ്ണൂര്‍ പൂക്കോം സ്വദേശി പാലക്കണ്ടിയില്‍ ഷബ്‌നാസു(30)മാണ് നേരത്തെ മരിച്ച മലയാളികള്‍.

മക്കയില്‍ ഹറം പവര്‍ സ്റ്റേഷന്‍ ജീവനക്കാരനായ തെലുങ്കാന സ്വദേശി ഖാന്‍ അസ്മത്തുല്ല (65), ജിദ്ദയില്‍ മുംബൈ സ്വദേശിയായ മുഹമ്മദ് ഫക്ക് റേ ആലം (52), സ്വകാര്യ മാന്‍പവര്‍ കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശി ബദ്രെ ആലം (41), തെലുങ്കാന സ്വദേശി മുഹമ്മദ് സ്വാദിഖ് (54), ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് അസ്ലംഖാന്‍ (51), പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ഇലക്ട്രിക്കല്‍ ടെക്നീഷ്യനായ മുംബൈ സ്വദേശി ബറകത്ത് അലി അബ്ദുല്‍ ലത്വീഫ് (63), മഹാരാഷ്ട്ര സ്വദേശിയായ തൗസീഫ് ബാല്‍ബല്‍ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. മരിച്ചവരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി മലയാളികള്‍ അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും രംഗത്തുണ്ട്.

Latest