Connect with us

International

ജൂണിനു ശേഷം തുടരാനാവില്ല; യു എസിലെ രണ്ടുലക്ഷം എച്ച്-1ബി വിസക്കാര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

ലണ്ടന്‍ | അമേരിക്കയില്‍ എച്ച്-1ബി വിസയിലുള്ള രണ്ടുലക്ഷം പേര്‍ക്ക് രാജ്യത്ത് തുടരാനുള്ള നിയമപരമായ അര്‍ഹത ജൂണ്‍ അവസാനത്തോടെ നഷ്ടമാകും. പ്രത്യേക തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്കുള്ള താത്ക്കാലിക വിസ പദ്ധതിയാണ് എച്ച്-1ബി. ഇതുപ്രകാരം 60 ദിവസം മാത്രമെ രാജ്യത്ത് കഴിയാനാവൂ. താമസത്തിന് അര്‍ഹത (റെസിഡന്റ് സ്റ്റാറ്റസ്)നല്‍കുന്ന ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന രണ്ടര ലക്ഷം അതിഥി തൊഴിലാളികളില്‍ പെട്ടവരാണ് ഈ രണ്ടുലക്ഷം പേരെന്ന് വാഷിംഗ്ടണ്‍ ഡി സി കേന്ദ്രമായുള്ള നിസ്‌കനെന്‍ സെന്ററിലെ കുടിയേറ്റ നയ വിശകലന വിദഗ്ധനായ ജെറമി ന്യൂഫെല്‍ഡ് പറയുന്നു. റെസിഡന്റ് സ്റ്റാറ്റസിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ആയിരങ്ങള്‍ക്കും നാട്ടിലേക്കു മടങ്ങേണ്ടി വരും. സാങ്കേതിക വ്യവസായ മേഖലയിലാണ് എച്ച്-1ബി വിസക്കാരായ ഭൂരിഭാഗം പേരും പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ, പതിനായിരക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇവരെ സുരക്ഷിതരാക്കാന്‍ യു എസ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായേക്കും. എന്നാല്‍, ഈ സംരക്ഷണം വിസയിലെത്തിയവര്‍ക്ക് ലഭിക്കില്ല. എച്ച്-1ബി വിസ കാലാവധി അവസാനിച്ച തൊഴിലാളികള്‍ക്ക് 60 ദിവസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്തുകയോ മറ്റൊരു വിസയിലേക്കു മാറുകയോ രാജ്യം വിടുകയോ വേണം. ഇനി ജോലി നഷ്ടപ്പെട്ടില്ലെങ്കില്‍ തന്നെയും ഈ പ്രതിസന്ധിക്കിടയില്‍ വിസ പുതുക്കി കിട്ടില്ലെന്നത് പ്രശ്‌നത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. എച്ച്-1ബി വിസക്കാര്‍ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ഇവരുടെ ജോലിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളുടെ കാര്യവും അവതാളത്തിലാകും.

വിദേശ വംശജരായ തൊഴിലാളികള്‍ക്ക് വിസാ ചട്ടങ്ങളില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാര ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ടെക്‌നെറ്റ് ഏപ്രില്‍ 17ന് സ്റ്റേറ്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌സിന് കത്ത് നല്‍കിയിരുന്നെങ്കിലും ട്രംപ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിസ കാലാവധി നീട്ടിനല്‍കുമോയെന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസുമായി ബന്ധപ്പെട്ടവര്‍ക്കും കഴിയുന്നില്ല. എന്നാല്‍, തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളാല്‍ പ്രതിസന്ധിയിലാകുന്നവര്‍ക്ക് പ്രത്യേക പിന്തുണയും സഹായവും നല്‍കുമെന്ന് ഇവര്‍ സൂചിപ്പിക്കുന്നു.

Latest