Connect with us

Kerala

വിദ്യാര്‍ത്ഥിത്വത്തെ ക്രിയാത്മകമായി പ്രയോഗിക്കുക: കാന്തപുരം

Published

|

Last Updated

 

കോഴിക്കോട് | എസ് എസ് എഫിന്റെ നാല്‍പ്പത്തി എട്ടാമത് സ്ഥാപകദിനം വിവിധ പരിപാടി കളോടെ ആഘോഷിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ഇത്തവണത്തെ സ്ഥാപകദിനാഘോഷ പരിപാടികള്‍ നടന്നത്. പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ ഉണര്‍ത്താരവം, ഉണര്‍ത്തു സമ്മേളനം എന്നിവയാണ് സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടന്നത്.

“നേരിന്റെ രാഷ്ട്രീയം നന്മയുള്ള സമൂഹം” എന്ന ആശയം ഉയര്‍ത്തിയായിരുന്നു സ്ഥാപക ദിനം ആഘോഷിച്ചത്. വികലമായ ഭരണകൂട നയങ്ങളും, ഭരണകൂട ഭീകരതയും രാജ്യത്തെ കലുഷിതമാക്കുന്ന സാഹചര്യത്തില്‍ നീതിയുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുമെന്നും, നവ ജനാധിപത്യ പ്രസ്ഥാനങ്ങള്‍, ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നവ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുമെന്നും പതിനായിരങ്ങള്‍ പ്രതിജ്ഞ ചെയ്തു.

ഉണര്‍ത്തു സമ്മേളനം അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടു നീങ്ങണമെന്നും,ആത്മീയ കരുത്തില്‍ അവയെ അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക വിപ്ലവത്തിലൂടെ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകണമെന്നും, അതിനു വേണ്ടി അധ്വാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നവംബര്‍,ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനവും കാന്തപുരം നിര്‍വ്വഹിച്ചു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഡോ:പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ സമാപന പ്രസംഗത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം സ്വാദിഖ് വെളിമുക്ക്, എസ് എസ് എഫ് സം സ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ സംസാരിച്ചു.

Latest