സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പത്തുപേര്‍ രോഗമുക്തര്‍

Posted on: April 29, 2020 5:17 pm | Last updated: April 29, 2020 at 10:43 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തു പേര്‍ രോഗമുക്തരായി. കൊല്ലം- ആറ്, തിരുവനന്തപുരം, കാസര്‍കോട് രണ്ടു വീതം എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. കാസര്‍കോട്ട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൂന്ന് വീതവും പത്തനംതിട്ടയില്‍ ഒന്നുമാണ് പരിശോധനാ ഫലം നെഗറ്റീവായത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനുമാണ്. കാസര്‍കോട്ടാണ് ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന് അസുഖം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും വാര്‍ത്താ ശേഖരണം അപകടരഹിതമായി നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇതുവരെ 495 പേര്‍ക്കാണ് രോഗം ബാധിച്ചത്. 123 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 20,673 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 20172 പേര്‍ വീടുകളിലും 501 പേര്‍ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. ഇന്ന് മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24,9,52 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 23,8,80 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കത്തില്‍ കൂടുതലായി ഏര്‍പ്പെടുന്നവര്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് ശേഖരിച്ച 875 സാമ്പിളുകളില്‍ 801 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പുനപ്പരിശോധനക്ക് അയച്ച ഇടുക്കിയില്‍ നിന്നുള്ള മൂന്നു പേരുടെത് ഉള്‍പ്പെടെ 25 പേരുടെ സാമ്പിള്‍ ഫലം കിട്ടിയിട്ടില്ല. ഹോട്ട് സ്പോട്ടുകളില്‍ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മൊത്തം 102 ഹോട്ട് സ്പോട്ടുകളാണുള്ളത്.