Connect with us

Editorial

കൊവിഡ് പരിശോധനാ കിറ്റും ക്രമക്കേടും

Published

|

Last Updated

ചൈനയില്‍ നിന്നുള്ള കൊവിഡ് പരിശോധനാ കിറ്റുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനമുണ്ടോയെന്നു കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനാണ് പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കിറ്റ് ഇറക്കുമതിക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) റിയല്‍ മെറ്റാബോളിക്‌സ് എന്ന ഇറക്കുമതി സ്ഥാപനത്തിന് അനുമതി നല്‍കുകയും ചെയ്തു. 245 രൂപ നിരക്കിലാണ് ഈ സ്ഥാപനം ചൈനീസ് കമ്പനികളായ വാണ്ട്‌ഫോ ബയോടെക്കില്‍ നിന്നും ലിവ്‌സണ്‍ ഡയഗ്നോസ്റ്റിക്കില്‍ നിന്നും കിറ്റുകള്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇത് രാജ്യത്ത് വിതരണം ചെയ്തത് 600 രൂപ നിരക്കില്‍ കൊള്ളലാഭത്തിനായിരുന്നു. 35 കോടി രൂപക്ക് അഞ്ചര ലക്ഷം കിറ്റുകളാണ് ഐ സി എം ആര്‍ വിതരണം ചെയ്തത്.

അതിനിടെ, തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ത്യയിലെ മറ്റൊരു വിതരണക്കാരായ ഷാന്‍ ബയോടെക് വഴി ചൈനീസ് കമ്പനിയില്‍ നിന്ന് 500 കിറ്റുകള്‍ വാങ്ങി. അതോടെ റിയല്‍ മെറ്റാബോളിക്‌സ് കമ്പനി, കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക്കിനു വിതരണം ചെയ്യാന്‍ അവകാശമില്ലെന്നും കാണിച്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി വിചാരണക്കിടെയാണ് കിറ്റുകളുടെ യഥാര്‍ഥ വിലയും വിതരണക്കാര്‍ ഇതിനു കൊള്ളലാഭമാണ് എടുക്കുന്നതെന്നുമുള്ള വിവരം പുറത്തു വരുന്നത്. ഇതേത്തുടര്‍ന്ന്, കിറ്റുകളുടെ വില 400 രൂപയില്‍ താഴെയായി നിശ്ചയിക്കണമെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ അത്യന്തം ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നിരിക്കെ കമ്പനികളുടെ നേട്ടത്തേക്കാള്‍ സാമൂഹിക താത്പര്യമാണ് സംരക്ഷിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.

അതിനിടെ, പരിശോധനാ കിറ്റുകള്‍ നിലവാരമില്ലാത്തതാണെന്നും ശരിയായ ഫലം നല്‍കാന്‍ പര്യാപ്തമല്ലാത്തതാണെന്നും കണ്ടെത്തി. പശ്ചിമ ബംഗാളാണ് കിറ്റുകള്‍ക്ക് നിലവാരമില്ലെന്ന ആരോപണവുമായി ആദ്യം രംഗത്തു വന്നത്. പിന്നാലെ രാജസ്ഥാന്‍, ഹരിയാന സര്‍ക്കാറുകളും രംഗത്തെത്തി. പഞ്ചാബ് സര്‍ക്കാര്‍ ചൈനീസ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന നിരോധിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിതല യോഗത്തിലും കിറ്റുകളുടെ നിലവാരക്കുറവ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ ധ്രുതപരിശോധനാ കിറ്റുകള്‍ റിസല്‍ട്ടിലും സെന്‍സിറ്റിവിറ്റിയിലും വലിയ വ്യത്യാസം കാണിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് വെച്ചു പരിശോധന നടത്തിയാല്‍ ശരിയായ ഫലം ലഭിക്കാനിടയില്ല. അഞ്ചര ലക്ഷം ധ്രുതപരിശോധനാ കിറ്റുകളും ഒരു ലക്ഷം പി സി ആര്‍ പരിശോധനാ കിറ്റുകളുമാണ് ചൈനയില്‍ നിന്ന് എത്തിയത്.

നിലവാരമില്ലാത്ത കിറ്റുകള്‍ വിതരണം ചെയ്യാനിടയായതിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയവും ഐ സി എം ആറും തമ്മില്‍ കടുത്ത ഭിന്നതയിലാണ്. കിറ്റുകള്‍ വാങ്ങുമ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സമിതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഐ സി എം ആര്‍ ഈ അനുമതി വാങ്ങിയില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. വിവിധ സംസ്ഥാനങ്ങള്‍ നിരന്തരം കിറ്റുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ പെട്ടെന്ന് കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും അതുകൊണ്ടാണ് നിലവാരം ഉറപ്പാക്കാന്‍ സാധിക്കാതെ വന്നതെന്നുമാണ് ഐ സി എം ആറിന്റെ വിശദീകരണം.
പ്രശ്‌നം വിവാദമാകുകയും ഇടപാടില്‍ അഴിമതി ഉന്നയിച്ച് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തതോടെ കേന്ദ്രം ഇടപാട് റദ്ദാക്കുകയും ചൈനീസ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്. കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷം പരിശോധന പുനരാരംഭിക്കാമെന്നതാണു കേന്ദ്ര നിലപാട്. ചൈനയിലെ വാണ്ട്‌ഫോ ബയോടെക്, ലിവ്‌സണ്‍ ഡയഗ്നോസ്റ്റിക് കമ്പനികളുടെ കിറ്റുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ ഐ സി എം ആര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ചൈനീസ് നിര്‍മിത മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് തീരെ നിലവാരമില്ലെന്നു നേരത്തേ അറിയപ്പെട്ടതാണ്. സ്‌പെയിന്‍, തുര്‍ക്കി, നെതര്‍ലാന്‍ഡ് തുടങ്ങിയ പല യൂറോപ്യന്‍ രാഷ്ട്രങ്ങളും ഗുണനിലവാരക്കുറവിന്റെ പേരില്‍ ചൈനീസ് മാസ്‌കും കൊവിഡ് നിര്‍ണയ കിറ്റുകളും നിരസിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിഗമനത്തില്‍ എത്താന്‍ ചൈനീസ് ഉപകരണം ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമല്ലെന്നു ഈ രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് വൈറസ്ബാധ സ്ഥിരപ്പെട്ടവരില്‍ പോലും ചൈനീസ് ഉപകരണങ്ങള്‍ പോസിറ്റീവായി കാണിക്കുന്നില്ലെന്നാണ് മാഡ്രിഡിലെ മൈക്രോബയോളജി ലാബ് അധികൃതര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ആരോഗ്യ പ്രവര്‍ത്തക സംഘത്തിന് കൈമാറിയ ഉപകരണങ്ങള്‍ സ്‌പെയിന്‍ പെട്ടെന്നു തന്നെ തിരിച്ചു വാങ്ങി. ഇക്കാര്യങ്ങളൊക്കെ ഇന്ത്യന്‍ അധികൃതര്‍ക്ക് മുന്‍കൂട്ടി അറിയാമെന്നിരിക്കെ ചൈനീസ് കമ്പനികളില്‍ നിന്ന് ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഒരു നിബന്ധനയും മുന്‍വെക്കാതെ പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാറും ഐ സി എം ആറും എന്തിന് അനുമതി നല്‍കി? ആഗോളതലത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ചൈന വന്‍തോതില്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു വരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കൊവിഡ് ഭീതി മുതലെടുത്ത് കേവലം കച്ചവടക്കണ്ണോടെയാണ് ഇവ നിര്‍മിക്കുന്നത്. ഗുണനിലവാരം അവര്‍ക്ക് പ്രശ്‌നമല്ല. ലോകമാകെ ഭീതിദമായ തോതില്‍ കൊവിഡ് പടര്‍ന്നു കൊണ്ടിരിക്കെ ഇതെങ്ങനെയും വിറ്റഴിഞ്ഞു പോകുമെന്ന് അവര്‍ കണക്കുകൂട്ടിയിരിക്കണം.

അതേസമയം, രോഗനിര്‍ണയത്തില്‍ നിര്‍ണായകമാണ് പരിശോധനാ ഉപകരണങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും. പരിശോധനാ കിറ്റ് ഇടപാടില്‍ അധികൃതര്‍ക്ക് തികഞ്ഞ ശ്രദ്ധക്കുറവും അനാസ്ഥയും സംഭവിച്ചിട്ടുണ്ടെന്നു വ്യക്തം. പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഇതിനു പിന്നില്‍ അഴിമതി നടന്നിരിക്കാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ കിറ്റ് ഇടപാട് റദ്ദാക്കിയതു കൊണ്ടായില്ല, ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണവും ആവശ്യമാണ്.