Connect with us

Malappuram

ലോക്ക് ഡൗണ്‍ തടസ്സമായില്ല; ഖുര്‍ആന്‍ മനപ്പാഠമാക്കി മഅദിന്‍ ഹിഫള് കോളേജിലെ 16 വിദ്യാര്‍ത്ഥികള്‍

Published

|

Last Updated

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മഅദിൻ തഹ്ഫീളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥികൾ സൂം അപ്ലിക്കേഷനിലൂടെ മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയെ ഖുർആൻ ഓതിക്കേൾപ്പിക്കുന്നു.

മലപ്പുറം | കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളെല്ലാം അടച്ചെങ്കിലും വീടുകളിലിരുന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മഅദിന്‍ തഹ്്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. ഓരോ വര്‍ഷവും മഅദിന്‍ ഹിഫഌ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കുന്നവര്‍ റമളാന്‍ പിറക്കുന്നതിന് മുമ്പ് പാരായണം പൂര്‍ത്തിയാക്കുന്ന പതിവുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഹിഫ്ളുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ മനപ്പാഠം) പൂര്‍ത്തിയാക്കിയത്.

നാട്ടിലും വിദേശ രാജ്യങ്ങളിലുമുള്ള പതിനാറ് വിദ്യാര്‍ത്ഥികളാണ് സൂം അപ്ലിക്കേഷന്റെ സഹായത്തോടെ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളെ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചത്. ഒരു ഹാഫിളിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷം നല്‍കുന്ന ചടങ്ങാണിത്. സാധാരണ ഗതിയില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ കുടുംബാംഗങ്ങളടക്കം ആയിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിക്കാറുള്ളത്. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധിക്കാതെ വന്നപ്പോഴാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്.

വളരെ ചാരിതാര്‍ത്ഥ്യം തോന്നുന്ന നിമിഷങ്ങളാണ് ഇതെന്നും ലോക്ക്ഡൗണ്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാതെ നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഹിഫഌ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ ആദ്യാനുഭവമാണിത്. മഹാമാരിക്ക് മുമ്പില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ഇത്തരം സംരംഭങ്ങളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

malaപത്ത് ബാച്ചുകളിലാക്കി തിരിച്ച് ഓരോ ലീഡര്‍മാര്‍ക്ക് കീഴിലാണ് ഇവര്‍ ലോക്ക് ഡൗണ്‍ കാലം സമയം ചെലവഴിക്കുന്നതെന്നും ഓരോ ദിനവും മനപ്പാഠമാക്കിയ ഭാഗങ്ങള്‍ ഓതിക്കേള്‍പ്പിക്കാറുണ്ടെന്നും മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പള്‍ ബഷീര്‍ സഅദി വയനാട് പറഞ്ഞു. ഇവരുടെ ഖുര്‍ആന്‍ പഠനത്തിന് മഅദിന്‍ കോളേജില്‍ ഡിജിറ്റല്‍ ഖുര്‍ആന്‍ തിയേറ്റര്‍ സംവിധാനിച്ചിട്ടുണ്ട്. ലോക പ്രശസ്തരായ പണ്ഡിതരുടെ ഖുര്‍ആന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യവും ഇതിലൂടെ ഒരുക്കുന്നുണ്ട്.

മഅദിന്‍ ഹിഫഌ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മതഭൗതിക തലത്തില്‍ പി.ജി കരസ്ഥമാക്കിയ 206 ഹാഫിളുകള്‍ രാജ്യത്തിനകത്തും പുറത്തുമായി സേവനമനുഷ്ടിച്ച് വരുന്നു. ഇതില്‍ യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ പള്ളികളിലും ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളിലും മത കാര്യാലയങ്ങളിലും സേവനമനുഷ്ടിക്കുന്നവരുമുണ്ട്.

Latest