വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യനില അറിയിക്കണം

Posted on: April 28, 2020 7:28 pm | Last updated: April 29, 2020 at 9:23 am

തിരുവനന്തപുരം | വിദേശങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യനിലയെ കുറിച്ച് അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. അത് ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരം ശേഖരിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായമൊരുക്കാന്‍ വാര്‍ഡ് തല സമിതിക്ക് ചുമതല. വീടുകളില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയാമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

രോഗലക്ഷണം ഉള്ളവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവരുടെ ലഗേജ് വീടുകളിലെത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. വിമാനത്താവളങ്ങളില്‍ വിവിധ വകുപ്പുകളുടെയും എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളുമുള്ള കണ്‍ട്രോള്‍ റൂമുണ്ടാകും.

പ്രവാസികളെ താമസിപ്പിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം സൗകര്യമൊരുക്കും. ആശുപത്രികളും ഇപ്പോള്‍ സജ്ജമാണ്. സമുദ്രമാര്‍ഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനം എടുക്കണം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാല്‍ തുറമുഖം കേന്ദ്രീകരിച്ചും സൗകര്യമൊരുക്കും.

2.76 ലക്ഷം പേര്‍ നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. 150 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് സംബന്ധിച്ച് വിവര ശേഖരണ ചുമതല നോര്‍ക്കയ്ക്കാണ്. സാമ്പിളുകള്‍ ശേഖരിക്കാനുള്ള വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയത്തിന് രാജ്യത്ത് പൊതുവില്‍ ക്ഷാമമുണ്ട്. കേരളത്തില്‍ പബ്ലിക് ലബോറട്ടറി ഇത് തയ്യാറാക്കുന്നുണ്ട്. ഇവിടെ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കൂടുതല്‍ കിറ്റുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.