50 കോര്‍പറേറ്റ് മുതലാളിമാരുടെ 68,607 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി

Posted on: April 28, 2020 1:52 pm | Last updated: April 28, 2020 at 5:18 pm

ന്യൂഡല്‍ഹി |  രാജ്യത്തെ വിവിധ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്തു മുങ്ങിയ 50 കോര്‍പറേറ്റ് മുതലാളിമാരുടെ 68,607 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് വജ്രവ്യാപാരി മെഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങിയവരുടെ വായ്പ എഴുതിത്തള്ളിയത് റിസര്‍വ്വ് ബേങ്ക് അറിയിച്ചത്.

വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ നല്‍കിയ അപേക്ഷയിലാണ് കഴിഞ്ഞ ഫെബ്രുവരി 16 വരെയുള്ള വായ്പാ വിവരങ്ങള്‍ റിസര്‍വ്വ് ബേങ്ക് നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി 16ന് പാര്‍ലിമെന്റില്‍ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് വിവരാവകാശപ്രകാരം സാകേത് അപേക്ഷ നല്‍കിയത്. തനിക്ക് ലഭിച്ച മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള 68,607 കോടി രൂപയാണ് ബേങ്കുകള്‍ എഴുതിത്തള്ളിയത്.

ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് 5,492 കോടി രൂപയുടെ കടവുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡിന് 1,109 കോടി രൂപയുമാണ് കടം. നിലവില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് ദ്വീപിലെ പൗരനാണ് ചോക്‌സി.

പട്ടികയില്‍ രണ്ടാമതുള്ള ആര്‍ ഇ ഐ അഗ്രോ ലിമിറ്റഡിന് 4,314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ഝുഝുന്‍വാലയും സഞ്ജയ് ഝുഝുന്‍വാലയും ഒരു വര്‍ഷമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണത്തിലാണ്. മറ്റൊരു രത്‌നവ്യാപാരിയായ ജതിന്‍ മെഹ്തയുടെ വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലറി 4,076 കോടി രൂപയാണ് കടം.

പഞ്ചാബിലെ ക്യൂഡോസ് കെമി (2,326 കോടി), ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (2,212 കോടി), ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (2,012 കോടി) തുടങ്ങിയ സ്ഥാപനങ്ങള്‍ 2000 കോടി രൂപയ്ക്കു മുകളില്‍ കുടിശ്ശിക വരുത്തിയവരാണ്. 1000 കോടി രൂപക്കു മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയ 18 കമ്പനികളില്‍ വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമുണ്ട്.