Connect with us

Covid19

ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ നഗരസഭ കൗണ്‍സിലര്‍

Published

|

Last Updated

തൊടുപുഴ |  ആറ് ദിവസം മുമ്പ് ഗ്രാന്‍സോണിലായിരുന്ന ഇടുക്കി ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ക്കും ഒരു നഴ്‌സിനും ഒരു ബേങ്ക് ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് രോഗം കണ്ടെത്തിയയത് റാന്‍ഡം പരിശോധനയിലാണ്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം സംശയിക്കുന്നതിനെ തുടര്‍ന്ന് ഇ എസ് ബിജിമോള്‍ എം എല്‍ എ നിരീക്ഷണത്തില്‍. വീട്ടിലാണ് നിരീക്ഷണം.

ഇടുക്കിയില്‍ കൂടുതല്‍ പേര്‍ക്ക് ഇപ്പോള്‍ രോഗം കണ്ടെത്തിയത് സമ്പര്‍ക്കത്തിലൂടെയാണ്. കൂടാതെ തമിഴ്‌നാട് സ്വദേശികളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതും ആശങ്ക ഏറ്റുന്നു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി.

ഇന്ന രോഗം സ്ഥിരീകരിച്ചവരെയെല്ലാം തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം .എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ വെച്ചാണ് കലക്ടര്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഉള്ള വാര്‍ഡിലെ കൗണ്‍സിലര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേഖലയില്‍ കൗണ്‍സിലര്‍ ബോധവത്കരണ പരിപാടികള്‍ക്കായി വ്യാപകമായി പങ്കെടുത്തിരുന്നു.ജില്ലാ ആശുപത്രിയിലെ ക്വാഷ്വാലിറ്റിയിലാണ് രോഗം സ്ഥിരീകരിച്ച നഴ്‌സ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസവും ഇവര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നതായാണ്് റിപ്പോര്‍ട്ട്. ബാംഗ്ലൂരില്‍ ജോലിചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് മറ്റൊരു രോഗി.