Connect with us

Covid19

ഭക്ഷണം പോലും ലഭിക്കാതെ ഡല്‍ഹിയിലെ അതിഥി തൊഴിലാളികള്‍ ദുരിതത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്ക്ഡൗണിനിടെ രാജ്യ തലസ്ഥാനത്ത് ശരിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെ അതിഥി തൊഴിലാളികള്‍ വലയുന്നു. അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് ഭരണകൂടം ഉറപ്പ് നല്‍കുമ്പോഴാണ് ഈ ദുരിതം. ആന്ധ്രയില്‍ നിന്ന് തീര്‍ഥാടനത്തെത്തിയവര്‍ ഭക്ഷണത്തിനായി ഡല്‍ഹിയില്‍ ഭിക്ഷ യാചിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. ചില ക്യാമ്പുകളില്‍ രണ്ട് നേരം മാത്രമാണ് ഭക്ഷണം ലഭിക്കുന്നതെന്നും ഇത് തികയാതെ വരുമ്പോള്‍ ആളുകള്‍ തെരുവില്‍ ഭക്ഷണത്തിനായി അലിയുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ അതിഥി തൊഴിലാളികള്‍ക്കായി അനുവദിച്ച ക്യാമ്പുകളുടെ അവസ്ഥ ശോചനീയമെന്ന് ഡല്‍ഹി പോലീസ് തന്നെ പറയുന്നു. ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കടുത്ത ചൂടിലും ഫാനുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ശുചിമുറികളില്‍ രാവിലെ ഏഴ് മുതല്‍ 11 മണിവരെ മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂ. ഹാന്‍ഡ് വാഷോ, സാനിറ്റെസറോ ഇല്ലെന്ന് ഡല്‍ഹി പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ ദിവസങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് അലക്കാനോ കുളിക്കാനോ സോപ്പ് പോലുമില്ലെന്നും, കൊതുകുകളുടെ ശല്യം ഇവിടെ കൂടുതലാണെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഡല്‍ഹിയിലെ 15 ഓളം ക്യാമ്പുകളിലെത്തി നേരിട്ട് പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉത്തര ഡല്‍ഹി ഡി സി പി മോണിക്ക ബര്‍ദ്വാജ് റിപ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ നിധി ശ്രീവാസ്തവയ്ക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഡല്‍ഹിയിലെ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

സദാര്‍ ബസാര്‍ പോലീസ് സ്റ്റേഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് പല ക്യാമ്പുകളിലും സാമൂഹിക അകലം പാലിക്കുന്നില്ല എന്നാണ്. 412 ഓളം ആളുകള്‍ വരെ പരിമിതമായ സൗകര്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹിക അകലം പാലിക്കുക പ്രയാസകരമാണെന്നും പോലീസ് പറയുന്നു.

 

 

Latest