Covid19
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കും; രജിസ്‌ട്രേഷന്‍ ബുധനാഴ്ച തുടങ്ങും: മുഖ്യമന്ത്രി

തിരുവനന്തപുരം | കേരളത്തില്‍നിന്നുള്ള നഴ്‌സുമാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിരവധി മലയാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ പലരുടേയും അവസ്ഥ വിഷമകരമാണ്. ഹോസ്റ്റലുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഇറങ്ങേണ്ടിവന്നവരുണ്ട്. അവരെ സംസ്ഥാനത്തേക്കു തിരികെയെത്തിക്കും. അതിന്റെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും.
സംസ്ഥാനത്തു നാല് ലക്ഷത്തോളം അതിഥി തൊഴിലാളികളുണ്ടെന്നാണു കണക്കാക്കുന്നത്. ഇവരെ ഘട്ടംഘട്ടമായി തിരികെ അവരവരുടെ നാട്ടില്‍ എത്തിക്കുന്നതിന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം വീണ്ടും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ ഗവണ്‍മെന്റ് വികസിപ്പിച്ച ആരോഗ്യ സേതു ആപ്പ് പ്രോല്‍സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ആരോഗ്യ സേതു ആപ്പില്‍ കേരളവുമായി ബന്ധപ്പെട്ട ഡേറ്റകളൊന്നും പങ്കിട്ടിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
പ്രവാസികള്‍ സുരക്ഷിതമായി ഇരിക്കുക എന്നതിനാണു മുന്തിയ പരിഗണന. അവരെ തിരികെയെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു ഫലം ഉണ്ടാകും എന്നാണു കരുതുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.