Connect with us

Covid19

കോഴിക്കോട് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വിലക്ക്; കലക്ടര്‍ക്ക് പരാതി നല്‍കി

Published

|

Last Updated

പ്രതീകാത്മക ചിത്രം

കോഴിക്കോട് | നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ച മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ പലയിടത്തും നാട്ടുകാരും ആരോഗ്യവകുപ്പ് ജീവനക്കാരും വിലക്കേര്‍പ്പെടുത്തുകയും തടയുകയും ചെയ്യുന്നതായി പരാതി. ഇത് സംബന്ധിച്ച് ജീവനക്കാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി.
നഴ്‌സ് ജോലി ചെയ്ത സമയത്ത് ആശുപത്രിയിലെത്തിയ മുഴുവന്‍ പേരെയും നിരീക്ഷണത്തിലയച്ച് ആവശ്യമായ നടപടികളെടുത്തിട്ടും അത് പരിഗണിക്കാതെയാണ് ഇത്തരം വിലക്കുകള്‍.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ കനാല്‍ മുക്ക് എന്ന സ്ഥലത്ത് രാത്രിയോടെ സ്ത്രീകളായ രണ്ട് ആശുപത്രി ജീവനക്കാരെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാരനുവദിച്ചില്ല. രണ്ട് മണിക്കൂറോളം ബസ്സ്‌റ്റോപ്പില്‍ കഴിയേണ്ടി വന്ന ഇവരെ പിന്നീട് പോലീസെത്തിയാണ് വീട്ടിലേക്ക് കൊണ്ട് പോയതെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടര്‍ പറയുന്നു.

സമാനമായ രീതിയില്‍ നഗരത്തില്‍ പലയിടത്തും ഇതേ ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ വിലക്കും ഭീഷണിയുമുള്ളതായി പരാതിയുണ്ട്. രോഗം ബാധിച്ച നഴ്‌സുമായി യാതൊരു സമ്പര്‍ക്കമില്ലാത്തവര്‍ക്കും ആ ദിവസം ഡ്യൂട്ടിയില്ലാത്തവര്‍ക്കും ഇത്തരത്തില്‍ മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു

Latest