Connect with us

Covid19

സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കിടയില്‍ കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാകലക്ടര്‍മാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഹോട്ട്‌സ്‌പോട്ടുകളില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

കേന്ദ്രഇളവനുസരിച്ച് ഇന്ന് സംസ്ഥാനത്ത് ചെറിയ കടകളും ഫാന്‍സി ഷോപ്പുകളും തീവ്രബാധിതമേഖലകള്‍ അല്ലാത്തയിടത്ത് തുറന്നിരുന്നു. ഇന്നത്തെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിലയിരുത്തി.

തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വലിയ ആശങ്കയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയല്‍സംസ്ഥാനങ്ങളില്‍ പോയി വന്നവര്‍ക്ക് പലര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇത് തടയാനാണ് ചെറുവഴികളിലും ഊടുവഴികളിലും കര്‍ക്കശമായ പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്നത്. ഇവിടങ്ങളില്‍ പരിശോധനക്കായി പോലീസ് ഡ്രോണിന്റെ സഹായവും തേടുന്നുണ്ട്.
ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയും തമിഴ്‌നാടും കേന്ദ്രതീരുമാനം അംഗീകരിക്കാമെന്ന നിലപാടിലാണ്. കേരളം ഇന്നത്തെ അവലോകനയോഗത്തിലെ വിലയിരുത്തലുകള്‍ പരിശോധിച്ച ശേഷമാകും നാളത്തെ യോഗത്തില്‍ നിലപാട് അറിയിക്കുക. അതേ സമയം ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കരുതെന്നു തന്നെയായിരിക്കും കേരളത്തിന്റേയും നിലപാടെന്നറിയുന്നു

Latest