Connect with us

Covid19

ശനിയാഴ്ച മാത്രം പോസിറ്റീവായത് 811 പേര്‍; ഒറ്റ ദിവസത്തെ കൊവിഡ് കേസുകളില്‍ റെക്കോഡിട്ട് മഹാരാഷ്ട്ര

Published

|

Last Updated

മുംബൈ | രാജ്യത്ത് ഒറ്റ ദിവസത്തെ കൊവിഡ് കേസുകളില്‍ റെക്കോഡിട്ട് മഹാരാഷ്ട്ര. 811 പേരാണ് ശനിയാഴ്ച മാത്രം കൊവിഡ് പോസിറ്റീവായത്. ഇതോടെ, സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,628 ആയി. ശനിയാഴ്ച 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 323 ആണ് ആകെ മരണം. എന്നാല്‍, സംസ്ഥാനത്തെ ശരാശരി മരണ നിരക്ക് 4.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഇത് എട്ടു ശതമാനം വരെ ഉയര്‍ന്നിരുന്നു. രോഗമുക്തരായ
1,076 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പു മന്ത്രി രാജേഷ് തോപെ പറഞ്ഞു. ലോക്ക് ഡൗണ്‍ മെയ് 18 വരെ നീട്ടിയേക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

മുംബൈയിലെ ധാരാവി പോലെ ആളുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊവിഡ് രോഗികള്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍ നല്‍കുന്ന പ്രക്രിയക്ക് തുടക്കമിട്ടിട്ടുണ്ട്.
അവശ്യ സര്‍വീസല്ലാത്തതും ഒറ്റപ്പെട്ടു നില്‍ക്കുന്നതുമായ കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുവദിച്ചിട്ടില്ല. ശനിയാഴ്ച സര്‍ക്കാര്‍ നിയോഗിച്ച 7,194 ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ വിവിധ രോഗബാധിത മേഖലകളിലായി 31.43 ലക്ഷം ജനങ്ങള്‍ക്കിടയില്‍ പരിശോധന നടത്തി.

Latest