മൃതദേഹം തിരിച്ചയച്ചത് വേദനാജനകം: സ്ഥാനപതി

Posted on: April 26, 2020 11:00 am | Last updated: April 26, 2020 at 4:21 pm

അബൂദബി | യു എ ഇയില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സ്വരാജ്യത്തെത്തിച്ച ശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. കൊവിഡോ മറ്റേതെങ്കിലും പകരുന്ന രോഗങ്ങളോ മൂലമല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് എല്ലാവിധ പരിശോധനകളും നടത്തി സാക്ഷ്യപത്രങ്ങള്‍ നേടിയ ശേഷം ഇന്ത്യയിലേക്ക് അയക്കുന്നത്. അങ്ങിനെ കഴിഞ്ഞ ദിവസം അയച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യു എ ഇയിലേക്ക് തിരിച്ചയക്കപ്പെട്ടത്.

അതേസമയം, കൊവിഡ് വിഷയവുമായി ബന്ധപ്പെട്ടാണോ മൃതദേഹം തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും കൊവിഡ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയക്കുന്നില്ലെന്നും സ്ഥാനപതി വ്യക്തമാക്കി. ജഗ്‌സീര്‍ സിംഗ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് വിമാനത്തില്‍ നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബൂദബിയിലേക്ക് മടക്കിയയച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പവന്‍ കപൂര്‍ പറഞ്ഞു.