Connect with us

Business

ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന സാമ്പത്തിക നിയമങ്ങൾ അറിയാമോ?

നിലവിൽ 15 ദിവസത്തിലൊരിക്കൽ പുതുക്കുന്ന ക്രെഡിറ്റ് സ്കോറുകൾ ഇനി മുതൽ ആഴ്ചയിലൊരിക്കൽ പുതുക്കും.

Published

|

Last Updated

ന്യൂ ഡൽഹി | പുതുവർഷം പിറക്കുന്നതോടെ ബാങ്കിംഗ്, നികുതി, ഗാർഹിക ബജറ്റ് എന്നിവയെ ബാധിക്കുന്ന നിർണ്ണായകമായ പല മാറ്റങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നു.

പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധം

നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല എങ്കിൽ ജനുവരി 1 മുതൽ ബാങ്കിംഗ് സേവനങ്ങളെയും സർക്കാർ സേവനങ്ങളെയും അത് ബാധിക്കും. പാൻ-ആധാർ ബന്ധിപ്പിക്കൽ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് പൂർത്തിയാക്കാത്തവരുടെ പാൻ കാർഡുകൾ പ്രവർത്തനരഹിതമായേക്കാം. ഇത് നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും റീഫണ്ടുകൾ ലഭിക്കുന്നതിനും തടസ്സമാകും.

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നു

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുന്നതോടെ 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരും. ഇതിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളത്തിലും പെൻഷനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ശമ്പള വർദ്ധനവ് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

ക്രെഡിറ്റ് സ്കോർ പുതുക്കൽ ആഴ്ചയിലൊരിക്കൽ

നിലവിൽ 15 ദിവസത്തിലൊരിക്കൽ പുതുക്കുന്ന ക്രെഡിറ്റ് സ്കോറുകൾ ഇനി മുതൽ ആഴ്ചയിലൊരിക്കൽ പുതുക്കും. ഇതോടെ വായ്പാ തിരിച്ചടവുകളിലെ മാറ്റങ്ങൾ വേഗത്തിൽ ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും. വായ്പകൾക്കായി അപേക്ഷിക്കുന്നവർക്ക് ഇത് ഏറെ സഹായകമാകും.

എൽ പി ജി, ഇന്ധന വില മാറ്റങ്ങൾ

ഗാർഹിക-വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെയും വിമാന ഇന്ധനത്തിന്റെയും (എ ടി എഫ്.) വില ജനുവരി 1-ന് പരിഷ്കരിക്കും. ഇത് സാധാരണക്കാരുടെ അടുക്കള ബജറ്റിനെയും വിമാനയാത്രാ നിരക്കിനെയും ബാധിച്ചേക്കാം. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലെ മാറ്റങ്ങൾക്കനുസരിച്ചാകും ഈ പരിഷ്കരണം.

പി എം കിസാൻ പദ്ധതിക്ക് പുതിയ ഫാർമർ ഐ ഡി

പി എം കിസാൻ പദ്ധതിയിൽ ജനുവരി 1 മുതൽ പുതിയ അപേക്ഷകർക്ക് പ്രത്യേക ഫാർമർ ഐ ഡി. നിർബന്ധമാക്കി. കൃഷിഭൂമി രേഖകൾ, ആധാർ, ബാങ്ക് വിവരങ്ങൾ എന്നിവ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിലൂടെ ആനുകൂല്യങ്ങൾ നേരിട്ട് കർഷകരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാനാണിത്. നിലവിലെ ഗുണഭോക്താക്കളെ ഈ മാറ്റം ബാധിക്കില്ല.

പുതിയ ഇൻകം ടാക്സ് റിട്ടേൺ (ഐ ടി ആർ.) ഫോമുകൾ

നികുതിദായകർക്കായി കൂടുതൽ ലളിതമായ ഐ ടി ആർ. ഫോമുകൾ ജനുവരി മുതൽ ലഭ്യമാകും. ബാങ്ക് ഇടപാടുകളും ചെലവുകളും മുൻകൂട്ടി രേഖപ്പെടുത്തിയ (Pre-filled) രീതിയിലാകും പുതിയ ഫോമുകൾ. ഇത് നികുതി ഫയലിംഗ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

ഡിജിറ്റൽ പേയ്മെന്റ് സുരക്ഷ

ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിനായി യു പി ഐ. ഇടപാടുകളിൽ കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തും. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസ്സേജിംഗ് ആപ്പുകൾക്ക് കൂടുതൽ ശക്തമായ സിം വെരിഫിക്കേഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കും.

കോ-ലെൻഡിംഗ് നിയമങ്ങൾ

ബാങ്കുകളും എൻ ബി എഫ് സി. കളും സംയുക്തമായി വായ്പ നൽകുന്ന രീതിയിൽ ആർ ബി ഐ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു. വായ്പയുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും ഓരോ സ്ഥാപനവും സ്വന്തം പുസ്തകത്തിൽ നിലനിർത്തണമെന്നതാണ് പുതിയ നിയമം. ഇത് വായ്പാ വിതരണത്തിലെ സുതാര്യത വർദ്ധിപ്പിക്കും.

Latest