സ്വത്വത്തെ തിരിച്ചറിയേണ്ട മാസം

Posted on: April 26, 2020 5:15 am | Last updated: April 26, 2020 at 1:18 am

മനുഷ്യന്റെ രക്ഷക്കും മോചനത്തിനും വേണ്ടി പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്നെ പ്രവാചകന്മാര്‍ മുഖേന സമ്മാനിച്ചതാണ് ഇസ്‌ലാമും അതിന്റെ മൂല്യപ്രമാണമായ ഖുര്‍ആനും. ശ്വസിക്കാന്‍ ശുദ്ധവായു, ഉപയോഗപ്പെടുത്താന്‍ സൂര്യപ്രകാശം, കുടിക്കാന്‍ ശുദ്ധജലം ഇതെല്ലാം പ്രകൃതിയില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ നിന്ന് തന്നെ പിന്തുടരാന്‍ പറ്റിയ ഒരു തത്വസംഹിതയും മനുഷ്യന് ലഭിച്ചു.

ദുര്‍ബലനും പരാശ്രയജീവിയുമായ മനുഷ്യന് ശക്തിയും കരുത്തും ലഭ്യമാക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ഇന്ദ്രിയഗണം മുതല്‍ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത് പൂര്‍ണ വളര്‍ച്ചയെത്തുന്ന മനുഷ്യന്‍ സാധാരണ ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളിലുമെല്ലാം മറ്റൊരു ശക്തിയില്‍ നിന്ന് സ്‌നേഹവും അനുകമ്പയും ആഗ്രഹിക്കുന്ന അവസ്ഥ പ്രകടമാണല്ലോ. ആ ശക്തിയാണ് സര്‍വശക്തനും സര്‍വജ്ഞനുമായ അല്ലാഹു. അവന്‍ മനുഷ്യനെയും മറ്റെല്ലാറ്റിനെയും സൃഷ്ടിച്ചു. പടിപടിയായി വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സ്രഷ്ടാവില്‍ നിന്ന് ലഭിച്ച ബുദ്ധിയും മറ്റു കഴിവുകളും മനുഷ്യര്‍ ഉപയോഗപ്പെടുത്താനും ഈ പ്രകൃതിയില്‍ സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മനുഷ്യനോടും മറ്റെല്ലാ സൃഷ്ടികളോടും സ്‌നേഹവായ്‌പോടെ പെരുമാറാനും നീതിയും മര്യാദയും പ്രകടമാകുന്ന സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാനും ഭൂമിയില്‍ ഭരണനടത്തിപ്പ് നിര്‍വഹിക്കാനും സമ്പൂര്‍ണമായ ഒരു നിയമസംഹിത ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല.
മനുഷ്യന്റെ ഉല്‍പ്പത്തി മുതല്‍ പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. വിവിധ നാടുകളിലും ഘട്ടങ്ങളിലുമായി ഒരു ലക്ഷത്തിലധികം പ്രവാചകന്മാര്‍ മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ടു. തേനീച്ചക്കൂട്ടിലെ റാണിയെപ്പോലെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രവാചകന്മാര്‍ സാധാരണ മനുഷ്യരില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഉള്ളവരായിരുന്നു. അവര്‍ കൊണ്ടുവന്ന അധ്യായങ്ങള്‍ കാലികവും പ്രായോഗികവും ആയിരുന്നുവെന്ന് ഓരോ കാലഘട്ടത്തിലെയും സജ്ജനങ്ങള്‍ മനസ്സിലാക്കി. ആദ്യ പ്രവാചകന്‍ ആദം നബി മുതല്‍ അവസാന പ്രവാചകര്‍ മുഹമ്മദ് നബി (സ) വരെയുള്ളവര്‍ ഇസ്‌ലാമിനെ ജീവിത വ്യവസ്ഥിതിയായി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. പ്രവാചകന്മാരുടെ ജീവിത സന്ദേശം തത്വത്തില്‍ ഒന്നായിരുന്നു.

ഓരോ ജനതയെയും വിശുദ്ധീകരിക്കാന്‍ അല്ലാഹു വ്യത്യസ്ത വഴികള്‍ നല്‍കി. ആരാധനകള്‍ ചെയ്ത് അല്ലാഹുവിലേക്ക് അടുത്ത് പരലോക ജീവിതം സ്വര്‍ഗീയമാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
അങ്ങനെയുള്ള ആരാധനകളില്‍ പ്രധാനമായിരുന്നു വ്രതം. അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിച്ചത്; മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍ വേണ്ടി എന്നാണ്. തഖ്‌വയുടെ നിര്‍വചനം അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ അനുസരിക്കലും വിരോധിച്ചവ ഉപേക്ഷിക്കലും ആണ്. അതിനാല്‍, പൂര്‍ണമായി വഴിപ്പെട്ട, ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്കു വന്ന മനുഷ്യനെ സൃഷ്ടിക്കലാണ് റമസാന്‍.

മനുഷ്യന്‍ അവന്റെ സ്വത്വത്തെ തിരിച്ചറിയുന്ന മാസമാണ് റമസാന്‍. ഭക്ഷണാര്‍ത്തി, കാമം, തെറ്റായ കാഴ്ചകള്‍, സംസാരങ്ങള്‍, സമ്പത്ത് കുന്നുകൂട്ടാനുള്ള മോഹം എന്നിവയെല്ലാം പലരുടെയും ഉള്ളില്‍ പിശാച് വിത്തിറക്കിയ കാര്യമാണ്. അത്തരം പ്രവര്‍ത്തനങ്ങളുമായി വ്യവഹരിക്കുന്നതിനിടയില്‍ പലരും അല്ലാഹുവിനെ മറന്നു പോകുന്നു.

യഥാര്‍ഥ ജീവിതത്തിന്റെ ലക്ഷ്യം മറക്കുന്നു. റമസാന്‍ അത്തരം മാനുഷിക ചാപല്യങ്ങളില്‍ നിന്ന് മാറി മനുഷ്യനെ ശരിയായ വഴിയിലേക്ക് കൊണ്ടുവരുന്നു. എല്ലാവരെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ആണല്ലോ, അല്ലാഹുവും റസൂലും റമസാനിനെ സംബന്ധിച്ച് നല്‍കിയിട്ടുള്ളത്. സുകൃതങ്ങളുടെ മഹാദിനങ്ങളാണിവ. നാമത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ.