ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം; രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍

Posted on: April 25, 2020 7:55 am | Last updated: April 25, 2020 at 11:06 am

ന്യൂഡല്‍ഹി  | ലോക്ക്ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. അതേ സമയം കടകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയോടെയാണ് ഇളവ്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഇളവ് ബാധകമാകില്ല. എന്നാല്‍ ഷോപ്പിംഗ് മാളുകള്‍ക്കും വന്‍കിട മാര്‍ക്കറ്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല.

നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകളും, പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍  തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല

നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന കോര്‍പറേഷന്‍ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലീഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാല്‍ കമ്പോളങ്ങള്‍ക്കും മള്‍ട്ടി ബ്രാന്‍ഡ് സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല

അതേ സമയം കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. സംഘം അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തും.

രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഒടുവില്‍ പുറത്തു വന്ന കണക്ക് വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. കേരളത്തിലൊഴികെ നേരത്തെ പ്രഖ്യാപിച്ച ഗ്രീന്‍ സോണുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.