Connect with us

Kerala

സ്പ്രിൻക്ലറിന് ഉപാധികളോടെ അനുമതി; വിവരങ്ങള്‍ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുത്: ഹൈക്കോടതി

Published

|

Last Updated

കൊച്ചി | വിവര ശേഖരണം തുടരുന്നതിന് സ്പ്രിൻക്ലറിന് മുന്നില്‍ കടുത്ത ഉപാധികള്‍ വെച്ച് ഹൈക്കോടതി. സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ശേഖരിക്കുന്ന രേഖകള്‍ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാറിന്റെ പേരും ലോഗോയും പരസ്യത്തിനായി ഉപയോഗിക്കരുതെന്നും വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങിയ ശേഷം മാത്രമെ വിവര ശേഖരണം പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി. കരാര്‍ അവസാനിച്ചാല്‍ മുഴുവന്‍ ഡാറ്റയും സ്പ്രിൻക്ലര്‍ സര്‍ക്കാറിന് തിരിച്ച് നൽകണം. കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജികള്‍ മൂന്നാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

സ്പ്രിൻക്ലര്‍ വിവിര ശേഖരണം നടത്തുന്നതിനെ കേന്ദ്ര സര്‍ക്കാറും രൂക്ഷമായി എതിര്‍ത്തു. വിവരശേഖരണത്തിന് ഒരു സ്വകാര്യ അമേരിക്കന്‍ കമ്പനിയെ സമീപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കേന്ദ്ര ഏജന്‍സി അതിന് സജ്ജമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സഹായം തേടി കേന്ദ്രത്തെ കേരളം സമീപിച്ചിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും, ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ഹര്‍ജികളും, ഒരു സ്വകാര്യവ്യക്തി കരാറിനെ എതിര്‍ത്തും നല്‍കിയ ഹര്‍ജികളാണ് നിലവില്‍ ഹൈക്കോടതി പരിഗണിക്കുന്നത്. മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഭാഷകയായ എന്‍ എസ് നപ്പിന്നൈയാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.