Connect with us

Articles

ആശ്വാസമേകാത്ത റിലീഫ് പാക്കേജുകള്‍

Published

|

Last Updated

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രാരാബ്ധങ്ങളുടെ ഊരാക്കുടുക്കില്‍ പെട്ടവരാണ് കര്‍ഷക തൊഴിലാളികളും ദിവസ വേതനക്കാരും. ഏപ്രില്‍ മാസവും വരാനിരിക്കുന്ന മാസങ്ങളും അവര്‍ക്ക് അത്യാശങ്കയുടേതാണ്. ലോക്ക്ഡൗണ്‍ തീരുന്നതോടെ അവസാനിക്കുന്നതല്ല തൊഴിലാളികളുടെയും തൊഴിലിടങ്ങളിലെയും പ്രശ്‌നങ്ങള്‍. പ്രതിസന്ധികളെ മറികടക്കാനായി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്ന് ചില കാരണങ്ങളാല്‍ ഇവരില്‍ പലരും ഒഴിവായിപ്പോകുന്നു എന്നത് പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ഭൂവുടമകളായിട്ടുള്ള കര്‍ഷകരെ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികള്‍ ഒരു മാസമായി വരുമാന മാര്‍ഗങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുകയാണ്. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ പകുതിയോളം ഭൂരഹിതരാണ്. നിരവധി സംസ്ഥാനങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴിലെടുക്കുന്നവരാണ് ഇത്തരം ഭൂരഹിതര്‍. ഇവരുടെ മേല്‍ ലോക്ക്ഡൗണ്‍ ഏല്‍പ്പിക്കുന്ന പ്രഹരത്തിന്റെ ആഴം വലുതായിരിക്കും. നിലവില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ തൊഴിലുകളൊന്നും ലഭ്യമല്ലെന്നു മാത്രമല്ല നവംബര്‍ മാസം മുതലിങ്ങോട്ടുള്ള തൊഴിലിന്റെ പ്രതിഫലം കൊടുത്തു തീര്‍ക്കാനുമുണ്ട് പലയിടങ്ങളിലും. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മന്ത്രി 4.431 കോടി രൂപ ഉടന്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് അറിയിച്ചത്. കാലതാമസം വരാതെ അവ തൊഴിലാളികളുടെ കൈകളിലെത്തുകയാണെങ്കില്‍ ചെറിയ നിലയിലെങ്കിലും ആശ്വാസമായിരിക്കും.

കാര്‍ഷിക ജോലികള്‍ അത്യാവശ്യ സാഹചര്യങ്ങളുടെ പരിഗണന നല്‍കി നിയന്ത്രണങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ടെങ്കിലും പോലീസിനെ പേടിച്ച് അധിക തൊഴിലാളികളും പുറത്തിറങ്ങുകയോ കൃഷിക്കാര്‍ ജോലിക്ക് ആളെ വെക്കാന്‍ ധൈര്യം കാണിക്കുകയോ ചെയ്യുന്നില്ല. വിളവെടുപ്പിന്റെയും പുതിയ പഴം, പച്ചക്കറി തൈകള്‍ നടുന്നതിന്റെയും കാലമായതു കൊണ്ടു തന്നെ അനേകം തൊഴില്‍ ദിനങ്ങള്‍ കൂടിയാണ് ഇവര്‍ക്ക് നഷ്ടമാകുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലിടങ്ങളില്‍ നിന്ന് അപ്രത്യക്ഷരായ കോണ്‍ട്രാക്ടര്‍മാരുണ്ട്.

പലതൊഴിലാളികള്‍ക്കും ഫെബ്രുവരി മുതലുള്ള ജോലിയുടെ കൂലി ലഭിക്കാനുമുണ്ട്. ആളൊഴിഞ്ഞ തെരുവിലെങ്ങനെയാണിവര്‍ തങ്ങള്‍ക്ക് തൊഴില്‍ തന്നവരെ തിരഞ്ഞു പിടിക്കുക. സമ്പാദ്യമായി കൈവശം കാര്യമായ നീക്കിയിരിപ്പുകളൊന്നുമില്ലാത്ത ഇവരെങ്ങനെയാണ് വെറും കൈയോടെ കുടുംബത്തിന്റെ ആധികള്‍ക്കിടയിലേക്ക് മടങ്ങുക! ഭക്ഷണത്തിനും വസ്ത്രങ്ങള്‍ അലക്കാന്‍ സോപ്പിനും സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും കനിവിനായി കാത്തിരിക്കുകയാണിവര്‍. സ്വന്തം ശരീരത്തിന്റെ വെടിപ്പ് കൊറോണ പ്രതിരോധത്തിന് അത്യാവശ്യമാണെന്ന് കൂടി ഓര്‍ക്കണം.

തങ്ങള്‍ കൊവിഡ് വന്നല്ല പോലീസിന്റെ ലാത്തിയടി കൊണ്ടാകും മരിക്കുകയെന്ന് ഡല്‍ഹിയിലെ തൊഴിലാളികള്‍ വിലപിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജന്‍ ധന്‍ യോജനക്കു കീഴില്‍ അക്കൗണ്ടിലെത്തിയ 500 രൂപയെടുക്കാന്‍ പുറപ്പെട്ടവരെ സാമൂഹിക അകല നിയമം ലംഘിച്ചെന്നാരോപിച്ച് പതിനായിരം രൂപ പിഴയിട്ട വാര്‍ത്ത വന്നത് മധ്യപ്രദേശില്‍ നിന്നായിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ ലോക്ക്ഡൗണിനെ അവസരമായെടുത്ത് അധികാരദുര്‍വിനിയോഗം നടത്തുന്ന പോലീസുകാരെ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനിക്കുന്ന പരിമിതമായ സഹായങ്ങള്‍ പോലും പാവങ്ങള്‍ക്ക് അപ്രാപ്യമാകും.

2011ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 5.6 കോടിയോളം ഇതര സംസ്ഥാനങ്ങളില്‍ പോയി തൊഴിലെടുക്കുന്നവരുണ്ട്. ബംഗ്ലാദേശിലും ശ്രീലങ്കയിലുമെല്ലാം സഞ്ചാര സംവിധാനങ്ങള്‍ സ്തംഭിപ്പിക്കും മുമ്പ് ദൂരദേശ തൊഴിലാളികള്‍ക്ക് സ്വദേശത്തേക്കെത്താനുള്ള സംവിധാനമൊരുക്കിയിരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളും നേരത്തേ തന്നെ അതിര്‍ത്തികളടച്ചതു മൂലം പല തൊഴിലാളികള്‍ക്കും സ്വദേശത്തെത്തിച്ചേരല്‍ ബുദ്ധിമുട്ടായിത്തീര്‍ന്നു. പശ്ചിമബംഗാള്‍ മാര്‍ച്ച് ഇരുപതിനു തന്നെ ഇതര സംസ്ഥാന ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. ബിഹാറും പിന്നീട് ഉത്തര്‍പ്രദേശും സമാന തീരുമാനമെടുക്കുകയും അതിഥി തൊഴിലാളികളോട് നിലവിലുള്ള ഇടങ്ങളില്‍ തന്നെ തങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സ്വന്തം ഗ്രാമങ്ങളില്‍ കഴിയുന്നവരില്‍ പലര്‍ക്കും പാര്‍പ്പിടമുണ്ട്. ആവലാതികള്‍ പങ്കിട്ടെടുക്കാന്‍ കുടുംബം കൂടെയുണ്ട്. ഒരു തുണ്ടെങ്കിലും ഹ്രസ്വകാല കൃഷികള്‍ ചെയ്യാന്‍ ഭൂമിയുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രകാരം റേഷന്‍ സംവിധാനം പലര്‍ക്കും ആശ്വാസം നല്‍കുന്നുണ്ട്. പക്ഷേ, ഒരു പറ്റം പ്രതീക്ഷകളില്‍ കൂട് കൂട്ടി ഇതര സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളിലെ നിര്‍മാണ മേഖലയിലും മറ്റും തൊഴിലെടുക്കുന്നവര്‍ക്ക് ഇത്തരം ആശ്വാസങ്ങളൊന്നും തന്നെയില്ലെന്നത് നാം കാണണം.

അതുകൊണ്ടാണ് ആയിരങ്ങള്‍ കൂട്ടത്തോടെ കിലോമീറ്ററുകള്‍ നടക്കാനുറച്ച് വീടു ലക്ഷ്യമാക്കിയിറങ്ങിയത്. ചിലരൊക്കെ വീടുപറ്റി. അനേകം പേര്‍ വഴിമധ്യേ യാത്രയവസാനിപ്പിച്ച് ഷെല്‍ട്ടറുകളില്‍ തങ്ങാന്‍ നിര്‍ബന്ധിതരായി. ആറ് ലക്ഷത്തോളം പേര്‍ ഇത്തരം ഷെല്‍ട്ടറുകളില്‍ താമസിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഡല്‍ഹിയിലെ ഷെല്‍ട്ടറില്‍ നിന്ന് രക്ഷപ്പെടാന്‍ യമുന നദിയിലേക്ക് ചാടിയ മൂന്ന് പേരില്‍ ഒരാള്‍ മുങ്ങിമരിച്ചിരുന്നു. മൂന്ന് താമസയിടങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു. ശാന്തമായ അന്തരീക്ഷമല്ല അഭയ കേന്ദ്രങ്ങളിലും നിലനില്‍ക്കുന്നത് എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.
മാര്‍ച്ച് 24ന് തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1,000 രൂപയും സൗജന്യമായി അരി, പരിപ്പ്, എണ്ണ എന്നിവയും നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും പൊതുവിതരണ സംവിധാനങ്ങള്‍ വഴി സമാനമായ സഹായ പദ്ധതികള്‍ മുന്നോട്ടുവെച്ചു. റേഷന്‍ കാര്‍ഡ് പരിഗണിക്കാതെ തന്നെ ധാന്യങ്ങള്‍ വിതരണം ചെയ്താലും സാമ്പത്തിക സഹായങ്ങള്‍ പൊതുവിതരണ സംവിധാനങ്ങളിലൂടെ ആക്കുക വഴി ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളേറെയാണ്.

കാരണം ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യം ലഭിക്കാത്തവര്‍ ഏകദേശം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനത്തോളം വരും. അഥവാ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനവും നഗര ജനസംഖ്യയുടെ 50 ശതമാനവുമാണ് പൊതുവിതരണ സംവിധാനമുപയോഗിക്കുന്നത്. ഇതിലൂടെ പൊതുവിതരണ സംവിധാനത്തിന്റെ പട്ടികയിലിടം നേടാത്തവര്‍ക്കും പട്ടികയിലുള്‍പ്പെട്ടിട്ടും ഇതരദേശങ്ങളില്‍ തൊഴിലെടുക്കുന്നതിനാല്‍ ആനുകൂല്യം കൈപറ്റാന്‍ കഴിയാത്തവര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാകില്ല.
കൃഷിയില്‍ നിന്ന് ലഭിക്കുന്ന ലാഭവും നഷ്ടവും പരിഗണിക്കാതെ തന്നെ ഭൂവുടമകള്‍ക്ക് നിശ്ചിത തുക നല്‍കാമെന്ന വ്യവസ്ഥയില്‍ കൃഷി തുടങ്ങുകയും വിളവെടുപ്പും ലോക്ക്ഡൗണും ഒരുമിച്ചു വന്നതുമൂലം വിപണി നഷ്ടമാകുകയും വിയര്‍പ്പുറ്റിച്ച് വിളയിച്ചതെല്ലാം വെളിയില്‍ ഉപേക്ഷിക്കേണ്ടിവരികയും ചെയ്ത അസമിലെ റഈസുദ്ദീന്റെ അനുഭവം ഹര്‍ഷ് മന്ദര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂവുടമക്കു മുന്‍കൂട്ടി നിശ്ചയിച്ച പണം നല്‍കണമെങ്കില്‍ നാട്ടുപ്രമാണിമാരെ കണ്ട് കടം വാങ്ങേണ്ട അവസ്ഥയിലാണദ്ദേഹം. ജീവനോപാധി നഷ്ടമാകുന്നതോടൊപ്പം കടത്തിന്റെ അധിക ബാധ്യത കൂടി ഏറ്റെടുക്കേണ്ടിവരുന്ന, ആത്മഹത്യയുടെ വക്കിലെത്തിയ അനേകം പേരുണ്ടവിടെയെന്ന് അദ്ദേഹം അടിവരയിടുന്നു.
അതിഥി തൊഴിലാളികള്‍, ദിവസ വേതനക്കാര്‍ തുടങ്ങി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം കടുത്ത ദാരിദ്ര്യത്തിലേക്കാണ് പോകുന്നതെന്ന് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മയും അപര്യാപ്തമായ വേതന നിരക്കും ഇതിന്റെ ഫലമായി ഉണ്ടാകുമെന്നും അവര്‍ നിരീക്ഷിക്കുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിസന്ധികളെ മറികടക്കാനുള്ള ആസൂത്രണങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധ ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയായാണ് കൊറോണ കാലത്തെ ചില പഠനങ്ങള്‍ വിലയിരുത്തുന്നത്. അത്യന്തം ആസൂത്രിതമായ നീക്കങ്ങളിലൂടെ മാത്രമേ വലിയ ആഘാതങ്ങളില്ലാത്ത അതിജീവനം സാധ്യമാകൂ.
കാലങ്ങളായി നല്‍കി വരുന്ന സാമൂഹിക സുരക്ഷാ സ്‌കീമുകള്‍ കാര്യക്ഷമമാക്കുകയും വിതരണങ്ങളിലെ അളവ് വര്‍ധിപ്പിക്കുകയും മാത്രമല്ല ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ പരിഹാരമായി ചെയ്യേണ്ടത്. ദേശബന്ധിതമായ ഇത്തരം സഹായ സംവിധാനങ്ങളുടെ പരിധിയില്‍ പല കാരണങ്ങളാല്‍ വരാത്ത പരാധീനത അനുഭവിക്കുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ അവരെ കൂടി ഉള്‍ക്കൊള്ളിക്കുന്ന റിലീഫ് പാക്കേജുകള്‍ പ്രഖ്യാപിക്കണം.

ഇന്ത്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളെല്ലാം മനസ്സിലാക്കുകയും രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ത്യാഗം ചെയ്യുന്നവര്‍ക്കു മുമ്പില്‍ തലകുനിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. കൊറോണ സംബന്ധിയായി ന്യായമുള്ളതും നിരര്‍ഥകവുമായ ഒരുപാട് കാര്യങ്ങള്‍ ഇന്ത്യക്കാരോട് ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയും സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രസ്തുത പദ്ധതികളുടെ വിതരണം ശാസ്ത്രീയമാക്കുകയും അര്‍ഹരിലേക്കെല്ലാം എത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പ്രഖ്യാപനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കുകയുള്ളൂ.

Latest