Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; എട്ടുപേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി- നാല്, കോഴിക്കോട്- രണ്ട്, കോട്ടയം- രണ്ട്, തിരുവനന്തപുരം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് എട്ടുപേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട്- ആറ്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് പരിശോധനാ ഫലം നെഗറ്റീവായത്. രോഗബാധ സ്ഥിരീകരിച്ച പത്തു പേരില്‍ നാലുപേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. രണ്ടുപേര്‍ വിദേശത്തു നിന്ന് എത്തിയതാണ്. സമ്പര്‍ക്കത്തിലൂടെയാണ് നാലുപേര്‍ക്ക് അസുഖം ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 129 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 23876 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21334 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20326 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. മറ്റു പത്തു ജില്ലകള്‍ ഓറഞ്ച് സോണിലായിരിക്കും. കണ്ണൂരില്‍ 2,592 ഉം കാസര്‍കോട്ട് 3,126 ഉം, കോഴിക്കോട്ട് 2770 ഉം, മലപ്പുറത്ത് 2,465 ഉം പേരാണ് നിരീക്ഷണത്തിലുള്ളത്.

റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നേരത്തെ പോസിറ്റീവ് കേസുകള്‍ ഇല്ലാതിരുന്നതിനാലാണ് കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ രണ്ടു ജില്ലകളിലും ഇന്ന് പുതിയ കേസുകള്‍ വന്നതിനാലാണ് ഓറഞ്ച് സോണിലാക്കിയത്. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

Latest