Connect with us

Kozhikode

അവധി ദിനങ്ങൾ മധുരമാക്കി മഴവിൽ സംഘം കൂട്ടുകാർ; ഗ്രാമങ്ങളിൽ സമ്മർ ഇ ഫെസ്റ്റ്

Published

|

Last Updated

മഴവിൽ സംഘം സമ്മർ ഇ ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന കുട്ടി തോട്ടം

കോഴിക്കോട് | കൊറോണ വൈറസിൻ്റെ വ്യാപനത്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങടക്കം എല്ലാ മേഖലകളും അടഞ്ഞു കിടക്കുന്ന പശ്ചാതലത്തിൽ പഠനം മധുരം സേവനം മനോഹരം പ്രമേയത്തിൽ വിദ്യാർഥികൾക്ക് വ്യത്യസ്ഥ പദ്ധതികളുമായി ഒഴിവു സമയം മനോഹരമാക്കുകയാണ് മഴവിൽ സംഘം. സമ്മർ ഇ ഫെസ്റ്റ് എന്ന പേരിലാണ് ലോക്ക്ഡൗൺ കാലത്തെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മാർച്ച് 22 ലെ ജലദിനവുമായി നടന്ന തണ്ണീർകുമ്പിൾ പരിപാടിയോടെയാണ് അവധിക്കാല പദ്ധതികൾക്ക് തുടക്കം കുറിച്ചത്.

കടുത്ത വേനൽ ദിനങ്ങളിൽ ഒരിറ്റ് ദാഹജലത്തിനായി അലയുന്ന ജീവജാലങ്ങൾക്ക് സ്വന്തം വീടുകളിൽ ദാഹജലം തരാമോ എന്ന ശീർഷകത്തിൽ ഒരു ലക്ഷത്തോളം തണ്ണീർ കുമ്പിളുകൾ  സ്ഥാപിച്ച് വിദ്യാർഥികൾ മാതൃകയായി. ജല ഉപയോഗത്തിൻ്റെ പ്രാധാന്യവും മറ്റു ജീവികൾക്കും ദാഹമകറ്റാൻ കുടിനീര് നൽകണമെന്ന ഗുണപാഠമാണ് വിദ്യാർഥികൾ സമൂഹത്തിന് പകർന്നു നൽകിയത്. പത്തു ലക്ഷത്തോളം വിദ്യാർഥികളിൽ ബോധവത്കരണവും അയ്യായിരം കേന്ദ്രങ്ങളിൽ കൊളാഷ് പ്രദർശനവും ഇതിനകം നടന്നു കഴിഞ്ഞു. കൊറോണ വൈറസിനെ തടയാനാവശ്യമായതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ അവതരിപ്പിച്ച് ബോധവത്കരണവും നടന്നു.

മഴവിൽ സംഘം സമ്മർ ഇ ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന ഫാമിലി മാഗസിൻ പ്രവർത്തനങ്ങൾ

വ്യത്യസ്ഥ മത്സര പദ്ധതികൾ ആവിഷ്കരിച്ച് യൂനിറ്റുകളിൽ നടപ്പിൽവരുത്തി വരികയാണ്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ പദ്ധതികൾ തുടരും. വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ഫാമിലി മാഗസിൻ മത്സരം നടത്തുന്നത്. കഥ, കവിത, ലേഖനം, ചിത്രങ്ങൾ, അനുഭവങ്ങൾ, സംഭാഷണം തുടങ്ങിയവ ഉൾപ്പെടുത്തി ആരോഗ്യം എന്ന വിഷയത്തിലാണ് കയ്യെഴുത്ത് മാസികകൾ തയ്യാറാക്കുന്നത്. യൂനിറ്റുകളിൽ നിന്ന് മികച്ചതിന് സെക്ടറിലും, സെക്ടറിൽ മികവുറ്റതിന് ഡിവിഷനിലും ജില്ലയിലും പ്രത്യേക അവാർഡുകൾ നൽകും. സംസ്ഥാന തല മത്സരവും ഫല പ്രഖ്യാപനവും മെയ് നാലിന് നടക്കും.

വീടുകളിൽ നിത്യമായി ഉപയോഗിക്കുന്ന വിത്തുക്കൾ ഉപയോഗിച്ച് വീടുകളിൽ കുട്ടിത്തോട്ടം നിർമ്മിച്ചു വരുന്നു. ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി പച്ചക്കറി സാധനങ്ങൾ വീടുകളിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടിത്തോട്ടം സംഘടിപ്പിക്കുന്നത്. ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുകയും പാഴ് ജലം ഒഴിച്ച് കൊടുത്തുമാണ് അടുക്കളത്തോട്ടം നിർമ്മിക്കുന്നത്. പാഴ് ജലങ്ങൾ പോലും വെറുതെ കളയേണ്ടതല്ലെന്ന സന്ദേശവും ഇതിലൂടെ വിദ്യാർഥികൾക്ക് നൽകുന്നു. മൂന്ന് മാസം കൊണ്ട് വിളവെടുപ്പ് നടക്കുന്ന രീതിയിലാവും അടുക്കളത്തോട്ടം.

വിദ്യാർഥികളുടെ സർഗശേഷികൾ വർദ്ധിപ്പിക്കുന്ന പരിപാടികളും അവധിക്കാല പദ്ധതിയിലുണ്ട്. എൽ കെ ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും മൂന്നു മുതൽ ആറുവരെയുള്ള പെൺകുട്ടികൾക്കുമായി ചിത്രരചന മത്സരം നടത്തും. ഹൈസ്കൂൾ വിഭാഗത്തിലെ പെൺകുട്ടികൾക്കായി കാലിഗ്രഫി മത്സരവും നടക്കും.

യൂണിറ്റ് കമ്മറ്റികൾ നൽകുന്ന വിഷയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. യൂണിറ്റ് ഘടകം നിശ്ചയിക്കുന്ന വിധി നിർണ്ണയ പ്രകാരം വിജയികളെ പ്രഖ്യാപിക്കും.

സെക്ടർ തലത്തിൽ “മൈ ക്ലിക്ക്”, അടുക്കളയിലെ രസതന്ത്രം, അടിക്കുറിപ്പ് മത്സരം എന്നിവയാണ് മത്സര ഇനങ്ങൾ. പ്രകൃതിയിൽ നിന്ന് നല്ല രസമുള്ള ചിത്രം മൊബൈലിൽ പകർത്തുന്നതാണ് “മൈ ക്ലിക്ക്” മത്സരം. ഫോട്ടോഗ്രാഫിയിലും വിദ്യാർഥികളെ പരുവപ്പെടുത്തുകയും പ്രകൃതിയോട് ഇണക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

അടുക്കളയിലെ രസതന്ത്രം വ്യത്യസ്ഥമായ പരിപാടിയാണ്. നിത്യേന അടുക്കളകളിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ രസതന്ത്ര വിശേഷങ്ങൾ, ഉപയോഗ ഗുണങ്ങൾ, പ്രാധാന്യം തുടങ്ങിയവ വിവരിക്കുന്ന ചാർട്ടുകൾ തയ്യാറുക്കുകയാണ് ഈ മത്സരം. ചാർട്ടുകൾ സെക്ടർ ഘടകങ്ങൾക്ക് അയച്ച് കൊടുക്കണം.

സെക്ടർ ഘടകം നൽകുന്ന ചിത്രങ്ങൾക്ക് ആകർഷണീയവും ഉചിതവുമായ അടിക്കുറിപ്പ് നൽകുന്നതാണ് അടിക്കുറിപ്പ് മത്സരം. വാനനിരീക്ഷണ മത്സരം നടക്കുന്നത് ഡിവിഷൻ തലത്തിലാണ്. മഗ്രിബ് നിസ്ക്കാരത്തിന് ശേഷം വിദ്യാർഥികൾ പുറത്തിറങ്ങി ആകാശത്ത് നോക്കി ചന്ദ്രൻ, നക്ഷത്രങ്ങൾ, മറ്റു ഗ്രഹങ്ങൾ എന്നിവ ഓരാഴ്ച്ച നിരീക്ഷിക്കുകയും ദിനംപ്രതി ദർശിച്ച മാറ്റങ്ങളും വ്യത്യസ്തകളും അനുഭവങ്ങളും ചേർത്ത്
ഫീച്ചർ തയ്യാറാക്കുകയും വേണം.

യു പി, ഹൈസ്കൂകൂൾ വിദ്യാർഥികൾക്ക് പൊതു വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാൻ എല്ലാ ചൊവ്വാഴ്ച്ചയും ഓൺലൈൻ ക്വിസ് നടന്നു വരുന്നു.

അവധിക്കാല പദ്ധതികളിൽ വളരെയധികം ഉപകരിക്കുന്നതാണ് മോഡൽ ടെസ്റ്റ്. വാർഷിക പരീക്ഷകൾ കൊറോണ കാർന്നുതിന്ന് ഒരു വർഷം പഠനം നടത്തി പരീക്ഷ എഴുതാൻ സാധിക്കാതെ വിഷമിച്ചിരിക്കുന്ന യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് മോഡൽ ടെസ്റ്റ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. സയൻസ്, ഇംഗ്ലിഷ്, കണക്ക് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

ഇത്തരത്തിൽ വിദ്യാർഥികൾക്ക് പാഠ്യപാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിക്കാനും മികവ് കണ്ടെത്താനും കഴിയുന്ന ധാരാളം പദ്ധതികളുമായി വിദ്യാർഥികളുടെ ഒഴിവുദിനം മധുരമാക്കുകയാണ് മഴവിൽ സംഘം. കേരളത്തിലെ ഏഴായിരം ഗ്രാമങ്ങളിൽ മഴവിൽ സംഘം പ്രവർത്തിച്ചു വരുന്നുണ്ട്.

ലോക്ക്ഡൗൺ കാലത്തോടൊപ്പം മധ്യവേനാലാവധിക്കാല പ്രവർത്തനങ്ങളും ആവിഷ്കരിച്ചു വരുന്നു. വിശുദ്ധ റമസാൻ മാസത്തിലേക്ക് വേണ്ട പദ്ധതികളും നടപ്പിലാക്കുന്നതാണ്. ഇതു സംബന്ധിച്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റിംഗിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ, സെക്രട്ടറിമാരായ സി പി ഉബൈദുല്ല സഖാഫി, നിസാമുദ്ദീൻ ഫാളിലി, സി എൻ ജാഫർ സാദിഖ്, എം അബ്ദുറഹിമാൻ, ഹാമിദ്‌ അലി സഖാഫി എന്നിവർ നേതൃത്വം നൽകി.