Connect with us

Covid19

സഊദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് നാട്ടിലേക്കു മടങ്ങാം; സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ദമാം | സഊദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് മടക്കയാത്രക്കുള്ള അവസരമൊരുക്കി സഊദി ആഭ്യന്തര മന്ത്രാലയം. നിലവില്‍ തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം എക്‌സിറ്റ് ലഭിച്ചവര്‍ക്കും എക്‌സിറ്റ് റീ എന്‍ട്രി വിസ കൈവശമുള്ളവര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വെബ്സൈറ്റായ “അബ്ഷിറില്‍” “ഔദ” എന്ന പേരില്‍ പുതിയ സംവിധാനമൊരുക്കി. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനാണ് സംവിധാനം ഏര്‍പ്പെടുത്തിയത്.

അബ്ഷിര്‍ ഇലക്ട്രോണിക് പ്രോഗ്രാം ഓപ്പണ്‍ ചെയ്ത ശേഷം “ഔദ” ഐക്കണ്‍ സെലക്ട് ചെയ്ത് യാത്ര ചെയ്യേണ്ട വ്യക്തിയുടെ ഇഖാമ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍, പുറപ്പെടുന്ന വിമാനത്താവളം, സ്വദേശത്ത് എത്തിച്ചേരുന്ന വിമാനത്താവളം എന്നീ വിവരങ്ങള്‍ നല്‍കണം, അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അപേക്ഷകള്‍ മന്ത്രാലയം പരിശോധിച്ച് യാത്രക്കുള്ള നടപടികള്‍ സ്വീകരിക്കും. അപേക്ഷ സ്വീകരിച്ചാല്‍ ഉടന്‍ തന്നെ യാത്രക്കുള്ള അറിയിപ്പ് ലഭിക്കും. പുറപ്പെടേണ്ട തീയതി, ടിക്കറ്റ് നമ്പര്‍, ബുക്കിംഗ് വിവരങ്ങള്‍ എന്നിവ വ്യക്തമാക്കി ക്കൊണ്ടുള്ള സന്ദേശം മൊബൈലിലേക്ക് ലഭിക്കുന്നതോടെ യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരുമായ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിദേശികള്‍ക്ക് അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതിക്ക് തുടക്കമായത്. റിയാദിലെ കിംഗ് ഖാലിദ്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ്, മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, ദമാം കിംഗ് ഫഹദ് എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിദ്ദ വിമാനത്താവളം വഴി ആദ്യ ഫിലിപ്പൈന്‍ സംഘം ജിദ്ദയില്‍ നിന്നും മനിലയിലേക്ക് യാത്ര തിരിച്ചിരുന്നു.