Connect with us

Covid19

സഊദിയില്‍ മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും വര്‍ധന

Published

|

Last Updated

ദമാം  | സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1,141 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 12,772 ആയി ഉയര്‍ന്നതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 114 ആയി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മക്കയിലാണ്- 45. മരണപ്പെട്ടവരില്‍ ഏറെയും വിദേശികളാണ്. നില ഗുരുതരമായ 82 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 172 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,812 ആയി. മരണ സംഖ്യയിലും രോഗബാധിതരിലും ഏറ്റവും കൂടുതല്‍ വിദേശികളാണ്. വിദേശികളുടെ രോഗ നിരക്ക് എഴുപതും സ്വദേശികളുടെത് മുപ്പതും ശതമാനമാണ്.

ബുധനാഴ്ചയും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മക്കയിലാണ്. 315 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അല്‍-ഹുഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമാം (16), തബൂക്ക് (35), ദഹ്റാന്‍ (26) ), ബിഷ (18), ത്വായിഫ് (14), അല്‍-ഖര്‍ജ് (3), അല്‍-ത്വാല്‍ (2), സബിയ (2), ഹാഇല്‍ (2), അല്‍-ഖുറയ്യാത്ത്, ഷറൂറ, അല്‍-ഹദ, അല്‍-വാജ്, അല്‍-ജാഫര്‍, ഉഗ് ലത് അല്‍-സുകോര്‍, അല്‍-മുത്നാബ്, യാന്‍ബു (ഒന്നു വീതം) എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. കൂടുതല്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ പ്രവിശ്യകളിലും താമസ സ്ഥലങ്ങളും ലേബര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. ഫീല്‍ഡ് പരിശോധനയിലൂടെ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Latest