Connect with us

Covid19

നോര്‍ക്ക ധനസഹായം: നടപടികള്‍ സുതാര്യമാക്കണമെന്ന് ഐ സി എഫ്

Published

|

Last Updated

ദുബൈ | കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ അകപ്പെട്ടുപോയ പ്രവാസികളുടെ ക്ഷേമത്തിന് നോര്‍ക്ക ധനസഹായവുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍. മുഖ്യമന്ത്രിക്കും നോര്‍ക്ക റൂട്ട്‌സിനും അയച്ച നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് യോഗ്യരായ നിരവധി പ്രവാസികളാണ് ഓണ്‍ലൈന്‍വഴി അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ അപേക്ഷ നല്‍കിയവരില്‍ പലര്‍ക്കും യാത്രാരേഖ സമര്‍പ്പിക്കണമെന്നറിയിച്ച് ഇമെയില്‍ സന്ദേശം അയക്കുന്നതായി മനസ്സിലായി.

സാധാരണക്കാരായ പലരും നാട്ടിലും മറ്റും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് സെന്ററുകള്‍, മറ്റു സന്നദ്ധ സേവകര്‍ മുതലായവയിലൂടെ മറ്റുള്ളവരുടെ ഇമെയില്‍ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിച്ചവരായതു കൊണ്ടു തന്നെ മറുപടിയായി അയക്കുന്ന ഇമെയില്‍ സന്ദേശം ലഭിക്കാന്‍ സാധ്യത കുറവാണ്. മാത്രവുമല്ല, യാത്രാരേഖ പലപ്പോഴും കൈമോശം വന്നിട്ടുമുണ്ടാകും. ഈയൊരു സാഹചര്യത്തില്‍ ധനസഹായം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

പാസ്‌പോര്‍ട്ടിലെ എറൈവല്‍ സ്റ്റാമ്പ് യാത്രാരേഖയായി പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം രേഖകളില്‍ ഏതെങ്കിലുമൊന്ന് തെറ്റായി സമര്‍പ്പിച്ചു പോയവര്‍ക്ക് അവ പുനഃപരിശോധിച്ച് രണ്ടാമത് അപ് ലോഡ് ചെയ്യാനുള്ള അവസരം ഇല്ലാത്തത് കാരണവും പദ്ധതിയുടെ ഫലം കിട്ടാതാവുന്ന അവസ്ഥയുണ്ട്. പ്രവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും എന്‍ ആര്‍ ഐ ബേങ്ക് അക്കൗണ്ടാണുള്ളത്. അത്തരം ആളുകള്‍ക്ക് അടുത്ത ബന്ധുവിന്റെ അക്കൗണ്ട് നമ്പര്‍ നല്‍കാമെന്നു പറയുന്നുണ്ടെങ്കിലും നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം ബന്ധം തെളിയിക്കുന്നതിനുള്ള രേഖ സമര്‍പ്പിക്കാന്‍ ഓപ്ഷന്‍ ലഭ്യമല്ല.

ജനുവരി ഒന്നിനു മുമ്പ് ആറുമാസക്കാലത്തെ വാര്‍ഷികാവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ക്കും തിരിച്ചു പോരാനാകാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്കും കൂടി പ്രയോജനകരമാം വിധം അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രില്‍ 30 എന്നത് രണ്ടാഴ്ച കൂടി നീട്ടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ കാരണം ജോലിയും ശമ്പളവുമില്ലാത്തതിന്റെ പേരില്‍ നാട്ടിലേക്ക് പണമയക്കാന്‍ സാധിക്കാത്ത പ്രവാസികള്‍ ഏറെയാണ്. സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഭക്ഷണക്കിറ്റ് വിതരണമാണ് ഇത്തരക്കാരുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ആശ്രയം. ഇത്തരത്തിലുള്ള പ്രവാസികളെക്കൂടി നോര്‍ക്കയുടെ ധനസഹായ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിച്ച് ആവശ്യമായത് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Latest