ഗ്രൂപ്പ് വീഡിയോ കോളിൽ ആളുകളുടെ എണ്ണം വർധിപ്പിച്ച് വാട്ട്സ്ആപ്പ്

Posted on: April 21, 2020 9:36 pm | Last updated: April 21, 2020 at 10:57 pm

കൊവിഡ് കാലത്ത് മീറ്റിംഗുകൾക്കും ഗ്രൂപ്പ് കോളുകളുകൾക്കുമായി ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച് തുടങ്ങിയ ആപ്ലിക്ഷേനാണ് സൂം. സൂമിന്റെ ഗ്രൂപ്പ് കോളിലുള്ള ഈ വിജയത്തിന് പിന്നാലെ പല സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്നുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുമുണ്ടായി. അതിനിടെ സൂമിനെ മറികടക്കാൻ വാട്ട്സ്ആപ്പ്  തങ്ങളുടെ ഗ്രൂപ്പ് വീഡിയോ കോൾ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.

നിലവിൽ നാല് പേർക്ക് മാത്രമേ ഫേസ്ബുക്ക്  ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിൽ ഗ്രൂപ്പ് വീഡിയോ/ഓഡിയോ കോൾ ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി  ഗ്രൂപ്പ് കോളിൽ ഇതിനകം തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ വാട്ട്സ്ആപ്പ് ബീറ്റാ വേർഷനിൽ നാലിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്ന് WABeta വ്യക്തമാക്കുന്നു.  എട്ട് പേർ ഉൾക്കൊള്ളിച്ചുള്ള ഒരു ബീറ്റാ ടെസ്റ്റ് സ്ക്രീൻഷോട്ടും WABeta പുറത്ത് വിട്ടു. പുതിയ സവിശേഷതകളോട് കൂടിയുള്ള സ്റ്റേബിൾ വേർഷൻ വാട്ട്സ്ആപ്പ് എന്ന് പുറത്തിറങ്ങുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ലങ്കിലും ഉടനെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, ഗ്രൂപ്പ് കോൾ ഓപ്ഷൻ അപ്ഡേറ്റ് ചെയ്താലും പരമാവധി എട്ട് ആളുകളെ മാത്രമേ ഒരേസമയം വാട്ട്സ്ആപ്പിന്  ഉൾക്കൊള്ളിക്കാൻ സാധിക്കുകയുള്ളൂ എന്നും ചില ടെക്നോളജി വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു.